അനുഭവമാണ് ഗുരു
(സന്ദേശദീപ്തി/ വത്സൻ നെല്ലിക്കോട്)


‘അനുഭവമാണ് ഗുരു ‘ എന്നു പറയാറുണ്ട്. പാരാവാരം പോലെ വ്യാഖ്യാനിക്കാവുന്ന ഒരു ‘സൂത്ര’മാണിത്. അതുകൊണ്ടാണ് സൂത്രങ്ങൾക്കും മന്ത്രങ്ങൾക്കും മഹാവാക്യങ്ങൾക്കുമൊക്കെ ആദ്ധ്യാത്മിക സാഹിത്യത്തിൽ ഗുരുവിന്റെ സ്ഥാനമുള്ളത്. അനുഭവം ഗുരുവാണെന്നാണു പറയുന്നത്. ആരുടെ അനുഭവം. സ്വാനുഭവം. സ്വാനുഭവം അവനവനു ഗുരു. ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന നല്ലതും ചീത്തയുമായ ഓരോ അനുഭവങ്ങളിൽ നിന്നും ചില പാഠങ്ങൾ പഠിക്കാനുണ്ട്. ഗുരുപദേശം പോലെ തന്നെ സ്വാനുഭവങ്ങളും ഗുരുപദേശമായി കാണാനും സ്വീകരിക്കാനും കഴിയണം.
ധാരാളം അനുഭവസമ്പത്തുള്ള വ്യക്തിയാണു ഗുരു. ശിഷ്യനാണു ഗുരുവാകുന്നത്. ഗുരുവിന്റെ ഗുരുവാരാണ് ? ഗുരുവിന്റെ ഗുരു, ഗുരുപരമ്പരകളിൽ നിന്നാവാം, അല്ലെങ്കിൽ അനുഭവങ്ങളാകാം. അനുഭവം എന്നിവിടെ പറയുന്നത് ഓരോ വ്യക്തിക്കും ജീവിതാനുഭവങ്ങൾ അയാളുടെ ബുദ്ധിയിൽ ഉണ്ടാക്കുന്ന ദർശനങ്ങളെയാണ്. കണ്ണിലല്ല കാണുന്നത്. മനസ്സിലല്ല കാണുന്നത്. ബുദ്ധിയിലാണെന്നാണ് ഉപനിഷത്ത് പറയുന്നത്. ‘സ നോം ബുദ്ധ്യാ ശുഭയാ സംയമന ക് തു’ ആത്മ ദാർശനം നേടിയവർക്കു പോലും ആത്മാവിനെപ്പറ്റി ഉപദേശിച്ചു വേറൊരാൾക്കു മനസ്സിലാക്കി കൊടുക്കുവാൻ കഴിയുന്നവർ എത്രയുണ്ട്. പരിമിതം. അനുഭവിച്ചു തന്നെ അറിയണം എന്നർത്ഥം. ആത്മ തത്വം ഗ്രഹിച്ചു സാക്ഷാത്കാരം നേടണമെങ്കിൽ സാക്ഷാത്കാരം നേടിയ ഒരാൾ പറഞ്ഞു തരണമെന്നാണ് ആചാര്യവചനം. സാക്ഷാത്കാരം നേടിയ ആളാണ് ഗുരു. ബ്രഹ്മവിദ്യോപനിഷത്ത്, കഠോപനിഷത്ത്, മഹോപനിഷത്ത്, ദ്വയോപനിഷത്ത്, മുക്തി കോപനിഷത്ത് തുടങ്ങി ഒട്ടേറെ ഉപനിഷത്തുകളിൽ ഇരു പ്രാധ്യാനം എടുത്തു പറയുന്നുണ്ട്.
ഒരാൾ ഒരു കാര്യം വിശ്വസിക്കണമെങ്കിൽ അയാൾക്ക് സിദ്ധാന്തപരമായി യുക്തി കൊണ്ടു അത് തെളിഞ്ഞിരിക്കണം. അതിനു ആദ്യം സിദ്ധാന്തം അറിഞ്ഞിരിക്കണം. ഒരാളുടെ ശ്രമഫലമായി അയാൾ കണ്ടെത്തിയതോ, സൈദ്ധാന്തികന്റെ ശ്രമഫലമായി അയാൾ കണ്ടെത്തിയതോ സ്വന്തം യുക്തി കൊണ്ടു കണ്ടെത്തിയതോ ആകാം ആ സിദ്ധാന്തം. എങ്ങനെയായാലും ഒരു സിദ്ധാന്തം ഉണ്ടായിരിക്കും. ആ സിദ്ധാന്തം യുക്തിയുപയോഗിച്ചു വിശകലനം ചെയ്താൽ കിട്ടുന്നതാണ് ആ വസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവ്. വസ്തുവിനെക്കുറിച്ചുള്ള അറിവാണു വസ്തു ബോധം. ആ വസ്തു ബോധമാണു ജ്ഞാനം. കൽക്കണ്ടം അകവും പുറവും മധുരമാണ്. വെളുത്ത നിറമാണ്. അത് കരിമ്പിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് എന്നൊക്കെയുള്ളത് ആ വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനമാണ്.
ഒരു വ്യക്തി എന്നാൽ അയാളുടെ ശരീരമോ ഇന്ദ്രിയങ്ങളോ ഒന്നുമല്ല, ആത്മാവാണ് എന്നുള്ള അറിവാണു ജ്ഞാനം. സിദ്ധാന്തപരമായുള്ള ബോധ്യപ്പെടലാണത്. എന്നാലും പലർക്കും അതങ്ങ് ഉറച്ചു വിശ്വസിക്കാനാകുന്നില്ല. അങ്ങനെ വിശ്വസിക്കമെങ്കിൽ അയാൾക്ക് അനുഭവമുണ്ടാകണം. കൽ കണ്ടി നേരത്തെ തിന്നിട്ടുണ്ടെങ്കിൽ അതിനു മധുരമാണെന്നു അയാൾക്കറിയാം. തിന്നാത്ത ഒരാൾക്കതറിയില്ല. മധുരമാണെന്നു കേട്ടിട്ടുണ്ടാകും. കേൾക്കുന്നത് ശ്രവണേന്ദ്രിയമാണാപ്പാ. രസനേന്ദ്രിയത്തിനല്ലേ സ്വാദറിയാനാകൂ. ആ ഇന്ദ്രിയം തന്നെ ബോധ്യപ്പെടുത്തണം കൽക്കണ്ടിക്കു മധുരമാണെന്ന്. അങ്ങനെ വിശ്വസിക്കണമെങ്കിൽ അയാൾക്ക് അനുഭവമുണ്ടാകണം. തിന്നാത്ത ഒരാൾക്കതറിയില്ല. അതായത് അയാൾ അനുഭവിച്ചിട്ടില്ല. ഈ അനുഭവിക്കലാണു വിജ്ഞാനം. അത് അനുഭവിച്ചവനാണു വിജ്ഞാനി. അതുപോലെ ആത്മാനന്ദം അറിയണമെങ്കിൽ അവിടെ ഒരു വസ്തു വേണമല്ലോ. ആ വസ്തുവാണ് ആത്മാവ്. ആ ആത്മാവ് ആനന്ദം അനുഭവിക്കുന്നു. ഒരാൾ ആനന്ദം അനുഭവിച്ചാൽ അനുഭവിച്ചതാരോ അയാളാണ് ആത്മാവ്. . അറിഞ്ഞതാരോ അയാളാണ് ആത്മാവ്. രണ്ടും ഒന്നാണ്. ആത്മാനന്ദം ഒരാൾ അനുഭവിച്ചാൽ ആത്മാവ് എന്താണെന്നു അയാൾക്കറിയാനാകുമെന്നു പറഞ്ഞല്ലോ. എന്നാൽ സിദ്ധാന്തപരമായ അറിവുമില്ല, അനുഭവിച്ചിട്ടുമില്ല എങ്കിൽ അയാൾ അങ്ങനെയൊന്നു ഇല്ലെന്നു തന്നെ പറയും. ഇയാൾ തന്നെ അനുഭവിച്ചാൽ ആത്മാവുണ്ടെന്നും പറയും.
‘ അനുഭവമാണ് ഗുരു ‘ എന്ന സൂത്രത്തിന്റെ പൊരുളാണിത്. ആദ്യം ജ്ഞാനം നേടുക. പിന്നീടു അനുഭവിച്ചു വിജ്ഞാനിയാവുക. ഇതു രണ്ടുമില്ലാത്തവർക്ക് ഒന്നിലും വിശ്വസിക്കാനാവില്ല. ലൗകിക ജീവിതത്തിലായാലും ആത്മീയ ജീവിതത്തിലായാലും സിദ്ധാന്തവും അനുഭവവും ഉണ്ടാകുമ്പോൾ പൊരുളറിഞ്ഞു ഉറച്ചു വിശ്വസിക്കാനാകും. ഒരില ഇളകുന്നതിനു പോലും സിദ്ധാന്തമുണ്ട്. ആ സിദ്ധാന്തത്തെ പരീക്ഷണ നിരീക്ഷണങ്ങൾ കൊണ്ടു ബോധ്യപ്പെട്ടാൽ ഇല ഇളകുന്നതു എന്തുകൊണ്ടാണെന്നു മനസ്സിലാകും. അതേ ഇല ഇളകാതെ നിൽക്കുന്നതു എന്തുകൊണ്ടാണെന്നും മനസ്സിലാകും. ഇലയാണ് ഇളകുന്നതും ഇളകാതെ നിൽക്കുന്നതും എന്നാകിലും അതനുഭവിക്കുന്ന മനുഷ്യനു സിദ്ധാന്തത്തിൽ ഉറപ്പു വരികയാണ് ചെയ്യുന്നത്. അപ്പോൾ ആ മനുഷ്യന്റെ ഗുരു ഇവിടെ ആ അനുഭവമാണ്. അനുഭവമാണ് ഗുരു.
ശ്രുതി കൊണ്ടും യുക്തി കൊണ്ടും അനുഭവങ്ങളെക്കൊണ്ടും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് വേദാന്ത സത്യം. ശ്രുതികളുടെ ആവിർഭാവവും ആചാര്യന്മാരുടെ യുക്തിയുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ജഗത് സത്യങ്ങളുടെ പാരമാർത്ഥികതയും പരീക്ഷണ വിധേയമാക്കിയാണല്ലോ സത്യ വസ്തുവിന്റെ നിത്യ സത്യം തെളിയിക്കപ്പെട്ടത്. ശാസ്ത്രം ചർച്ച ചെയ്തും ഗുരുവാക്യം ശിരസാ വഹിച്ചും ഏതൊരാൾ ഈശ്വരനെ അറിയാൻ ശ്രമിക്കുന്നുവോ അയാളുടെ ബുദ്ധിക്കു തെളിഞ്ഞു കിട്ടുന്നതാണ് വസ്തു ബോധം. വസ്തു ഒന്നേയുള്ളൂ എന്ന പരമ ബോധമാണു വസ്തു ബോധം. അങ്ങനെ സിദ്ധാന്തപരമായി തെളിഞ്ഞു കിട്ടിയ അറിവോടെ യോഗാഭ്യാസ നിത്യനായി കഴിയുമ്പോൾ താൻ കൈവരിച്ച അറിവ് അനുഭൂതിയായി ആസ്വദിക്കുന്നു. താൻ മനസ്സിലാക്കിയ ശാസ്ത്ര സിദ്ധാന്തത്തിനും അനുഭവത്തിനും ഭേദമില്ലെന്നും, സിദ്ധാന്തം തന്നെയാണ് അനുഭൂതിയായി അനുഭവിച്ചതെന്നും അറിഞ്ഞാൽ ഇതിൽ പരം മറ്റൊന്നും അറിയാനില്ലല്ലോ എന്ന പരമാനന്ദത്തിൽ ലയിക്കുന്നു. തുരീയാനുഭവമായ ഉപരതിയാണിത്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും സമ്പൂർണ്ണമായി ജയിച്ചവനും യുക്തി കൊണ്ടും അനുഭവം കൊണ്ടും സമ്പൂർണ്ണ തൃപ്തി കൈവന്ന ജ്ഞാനത്തോടു കൂടിയവനും, നിർവ്വികാര സത്യസ്വരൂപനായിത്തീർന്നവനും മൺകട്ടയും കല്ലും സ്വർണ്ണവും തുല്യമായി കാണുന്നവനുമായ യോഗിവര്യൻ സത്യം കണ്ടവനെന്നു പറയപ്പെടുന്നുവെന്നു ഭഗവത്ഗീത ധ്യാനയോഗം ശ്ലോകം 8 ൽ വിവരിക്കുന്നു.