ഗോവയിൽ കാറപകടം: സഹോദരങ്ങളടക്കം മൂന്നു യുവാക്കൾ മരിച്ചു

ഹരിപ്പാട് : ഗോവയിൽ കാറപകടത്തിൽ സഹോദരങ്ങളടക്കം മൂന്നു യുവാക്കൾ മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ പൊടിയന്റെ മക്കളായ വിഷ്ണു (25), കണ്ണൻ (22), വലിയഴീക്കൽ അയ്യത്ത് തെക്കതിൽ ചന്ദ്രദാസ് മിനി ദമ്പതികളുടെ മകൻ നിതിൻ ദാസ് (25) എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തുക്കളായ വലിയഴീക്കൽ തെക്കടത്ത് അഖിൽ (24) പുത്തൻപറമ്പിൽ വിനോദ് കുമാർ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ സഞ്ചരിച്ച കാർ ദേശീയപാത 66 ബിയിൽ സുവാരി ഗേറ്റിനു സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേർ വിനോദ സഞ്ചാരത്തിനെത്തിയ വരും മരിച്ച നിതിൻ ദാസും വിഷ്ണുവും ഗോവയിൽ ജോലി ചെയ്യുന്നവരുമാണ്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ഗോവ എംഇഎസ് ജംഗ്ഷനിലായിരുന്നു അപകടം. നേവിയിൽ ഉദ്യോഗസ്ഥനായ വിഷ്ണുവിനെ ഗോവയിലെ ഓഫീസിൽ എത്തിക്കുവാൻ വേണ്ടിയാണ് കൂട്ടുകാരായ അഞ്ചുപേർ ഗോവയിലേക്ക് പോയത്. ഗോവ കണ്ടശേഷം ഓഫീസിലേക്ക് പോകാനായിരുന്നു പരിപാടി. ഇവിടെ ജോലി ചെയ്യുന്ന നിതിൻ ദാസിനെയും ഒപ്പംകൂട്ടി സഞ്ചരിക്കുന്നതിനിടയിൽ ആയിരുന്നു അപകടം.