മദ്യപാനികൾ ഖജനാവിലേക്ക് നൽകിയത് 46,000 കോടി

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷം മദ്യ നികുതിയിനത്തിൽ മലയാളികൾ സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപ. 2016 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെയുളള കണക്കാണിത്.
വിവരാവകാശ പ്രവർത്തകനായ എംകെ ഹരിദാസ് നൽകിയ വിവരാവകാശരേഖക്ക് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവിട്ടത്.
അപ്പീൽ നൽകിയ ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ടാക്സ് കമ്മിഷണറേറ്റ് തയ്യാറായത്. പ്രതിമാസം സർക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നൽകുന്നത്. ഏകദേശം ഒരു ദിവസം 25.53 കോടി രൂപ ലഭിക്കുന്നു. 2018-19ലും 2019-20വർഷങ്ങളിലാണ് മദ്യവിൽപനയിലൂടെ കൂടുതൽ നികുതി വരുമാനം ലഭിച്ചത്. 2018-19ൽ 9,915.54 കോടിയും 10,332.39 കോടിയും ലഭിച്ചു.
മദ്യവിൽപനയിലൂടെ ബെവ്കോയ്ക്ക് ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി. യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന 2011-12 മുതൽ 2015-16 വരെയുളള കാലത്ത് മദ്യനികുതിയിനത്തിൽ ലഭിച്ചത് 30,770.58 കോടിയായിരുന്നു. 2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54കോടി രൂപയും ബെവ്കോയ്ക്ക് ലഭിച്ചു. പിന്നീടുളള വർ്ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണം.

മദ്യത്തിന്റെ നിലവിലെ നികുതി ഇപ്രകാരമാണ്…
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വൈൻ 37%
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വൈൻ ഒഴിച്ചുള്ള മദ്യം 115%
ഇന്ത്യൻ നിർമിത ബിയർ 112%
ഇന്ത്യൻ നിർമിത വൈൻ 82%
ഇന്ത്യൻ നിർമിത വിദേശമദ്യം (പെട്ടിക്ക് 400 രൂപയിൽ താഴെ വിലയിൽ ബെവ്‌കോ വാങ്ങുന്ന മദ്യം) 247%
കേയ്‌സിന് 400 രൂപയിൽ കൂടുതലുള്ള ഇന്ത്യൻ നിർമിത വിദേശമദ്യം 237%
മദ്യവിൽപ്പനയിലൂടെ സർക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വർഷം തിരിച്ചുള്ള കണക്ക്, 2011-12 4740.73 കോടി രൂപ, 2012-13 5391.48 രൂപ, 2013-14 5830.12 രൂപ, 2014-15 6685.84 രൂപ, 2015-16 8122.41 രൂപ, 2016-17 8571.49രൂപയും, 2017-18 8869.96രൂപയും, 2018-19 9615.54 രൂപ, 2019-20 10332.39 രൂപ, 2020-21 9156.75 കോടി രൂപയുമാണ്.