കുരീപ്പുഴയുടെ ഉപരിപ്‌ളവം (എംകെ ഹരികുമാർ)


സർവ്വക്രമവും തെറ്റിച്ച്, സ്വന്തം പാതയിൽ അനന്യതയെയും അനന്തതയെയും സംയോജിപ്പിക്കുന്നവനാണ് കവി. അങ്ങനെയുള്ളവർക്കേ കവിയാകാൻ കഴിയൂ. സ്വന്തം ഉടലിൽ വരെ കവിതയുണ്ടെന്ന് അറിയുന്നവന് നേരത്തെ നിശ്ചയിച്ച, സാമ്പ്രദായികമോ ശാസ്ത്രീയമോ ആയിട്ടുള്ള വഴികൾ അപര്യാപ്തമാണ്. Preface to the Lyrical Ballads എന്ന കൃതിയുടെ ആമുഖത്തിൽ തങ്ങൾ എന്തുകൊണ്ടാണ് കാല്പനികരായതെന്ന് വേർഡ്‌സ്വർത്ത് പറയുന്നുണ്ട്. വേർഡ്‌സ്വർത്തും കോളിറിഡ്ജും എഴുതിയ കവിതകൾ അടങ്ങിയ സമാഹാരമാണ് Lyrial Ballads (1798).കാല്പനികത എന്നു കേട്ടു വിറളി കൊള്ളണ്ട. അത് പൈങ്കിളിയോ ജീർണിച്ചതോ അഭിരുചികളെ വന്ധ്യംകരിക്കുന്നതോ അല്ല. അത് ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്ന മനുഷ്യാത്മാവിന്റെ അതിജീവനമാണ്.




‘ശാസ്ത്രകാരൻ സത്യത്തെ വിദൂരമായ ഒന്നായിട്ടാണ് കാണുന്നത്. അവൻ അതിനെ ഏകാന്തതയിൽ താലോലിക്കുന്നു. എന്നാൽ കവി ഒരു കവിത ആലപിക്കുന്നതോടെ മനുഷ്യർ അതിൽ പങ്കുചേരുന്നു. സത്യത്തെ മുന്നിൽക്കണ്ട് ആഹ്ലാദിക്കുന്നു, നമ്മുടെ കാണപ്പെട്ട സുഹൃത്തെന്ന നിലയിൽ ‘.വേർഡ്‌സ്വർത്ത് എഴുതുന്നു. ലോക മഹാകവി ഡബ്‌ളിയു.ബി. യേറ്റ്‌സ് താൻ ലൗകികജീവിതത്തേക്കാൾ അനന്യതയെ യാഥാർത്ഥ്യമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞത് ശ്രദ്ധിക്കണം .കവികൾ കേവല യാഥാർത്ഥ്യമോ യുക്തിവിചാരമോ അടിസ്ഥാന പ്രമാണങ്ങളായി കാണുന്നവരല്ല.

എന്നാൽ കുരീപ്പുഴ ശ്രീകുമാർ താൻ വെറുമൊരു യുക്തിജീവി മാത്രമാണെന്ന് പ്രഖ്യാപിക്കുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിടിമുറുക്കുമ്പോൾ ശ്രീനാരായണഗുരുവിന്റെ ‘ദൈവദശകം’ അല്ല വിദ്യാലയങ്ങളിൽ ആലപിക്കേണ്ടതെന്നും പകരം സഹോദരൻ അയ്യപ്പന്റെ ‘സയൻസ് ദശകം’ മതിയെന്നുമുള്ള കുരീപ്പുഴയുടെ പ്രസ്താവന (മാതൃഭൂമി, ഡിസംബർ 28) അങ്ങേയറ്റം നിരുത്തരവാദപരവും അസംബന്ധവുമാണ്.

കേരള യുക്തിവാദിസംഘത്തിന്റെ സംസ്ഥാനസമ്മേളനവേദിയിലായിരുന്നു പ്രസംഗം. ദൈവം എന്നു കേട്ടാലുടനെ കുരീപ്പുഴ വാളെടുക്കുകയാണ്. കുരീപ്പുഴ ശാസ്ത്രത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ലോകത്തിലെ പ്രമുഖ ശാസ്ത്രചിന്തകനായ ഫ്രിജോഫ് കാപ്ര (Fritjof Capra) ശാസ്ത്രത്തിന്റെ പരിഹരിക്കാനാവാത്ത സമസ്യകൾ തേടി ചൈനീസ് ദർശനമായ താവോ(Tao)യിലേക്ക് തിരിയുകയാണ് ചെയ്തത്.


ഫിസിക്‌സിന്റെ അപാരവും ആത്യന്തികവുമായ സാരം താവോയിൽ നിന്നു മനസ്സിലാക്കാനാവുമെന്ന് ചിന്തിച്ചുകൊണ്ടാണ് അദ്ദേഹം താവോ ഓഫ് ഫിസിക്‌സ് (Tao of Physics) എന്ന പുസ്തകമെഴുതിയത്. ജീവിച്ചുകൊണ്ടു മാത്രമേ പ്രാപഞ്ചികസത്യങ്ങളെ അറിയാനാവൂ എന്ന് താവോ പഠിപ്പിക്കുന്നു. അതിനു പ്രപഞ്ചവുമായി മനുഷ്യാത്മാവ് രമ്യതയിലാവണം; കേവല യുക്തിയല്ല അത്. ശാസ്ത്രത്തെ എല്ലാറ്റിന്റെയും ഉത്തരമായി സാമാന്യവത്ക്കരിച്ചാൽ പിന്നെ കവിതയില്ല; അതോടെ മനുഷ്യൻ നിർഗുണനാവുകയും ചെയ്യും .

എന്താണ് ദൈവമെന്ന് ആത്മീയമായി, ദാർശനികമായി, മാനസികമായി അനുഭവിക്കാൻ കഴിയാത്ത കുരീപ്പുഴ എന്ത് കവിത എഴുതാനാണ്? ദൈവം അദൃശ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. തോമസ് കെംപിസ്, നിക്കോളാസ് ബെർദ്യേവ് തുടങ്ങിയ ചിന്തകരും വില്യം ബ്‌ളേക്ക്, ഖലിൽ ജിബ്രാൻ തുടങ്ങിയ കവികളും എഴുതിയത് വായിച്ചാൽ ഇത് ബോധ്യപ്പെടും. കുരീപ്പുഴയുടെ ചിന്തകൾ രണ്ടാംതരവും കാലത്തിന് നിരക്കാത്തതുമാണ്. ഗുരു ‘ദൈവദശക ‘ത്തിൽ ഉദ്‌ബോധിപ്പിക്കുന്നത് അന്ധവിശ്വാസിയാകാനല്ല. ഗുരു അന്ധവിശ്വാസത്തിന് എതിരായിരുന്നുവെന്ന് കുരീപ്പുഴയ്ക്ക് ഇനിയും മനസിലായില്ലെങ്കിൽ അത് അന്വേഷിക്കണം. കുരീപ്പുഴ പറയുന്നത്, അന്ധവിശ്വാസങ്ങളുടെ ഈ കാലത്ത് ദൈവദശകം ആലപിക്കരുതെന്നാണ്. ഇത് വളരെ വിധ്വംസകവും ദുഷ്ടലാക്കോടെയുള്ളതുമാണ്. ഇതിനെ വിമർശിക്കാതിരിക്കാൻ കഴിയില്ല. ഗുരുവിനെ അന്ധവിശ്വാസത്തിന്റെ വക്താവാക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല.
മനുഷ്യൻ ദൈവമാണ്

ഗുരു ശൂന്യമായ സ്‌ളേറ്റിൽ എഴുതുകയാണ് ചെയ്തത്. ആ ദൈവത്തിനു പ്രത്യേക മതമില്ല; ജാതിയില്ല. എന്നാൽ അത് തീർത്തും മതവിരുദ്ധമല്ല; ചട്ടക്കൂടുകളുടെ മതമല്ലെന്നു മാത്രം.
ആ ദൈവം സകലതിന്റെയും സൃഷ്ടാവ് മാത്രമല്ല, സൃഷ്ടി തന്നെയാണ്; സൃഷ്ടിയുടെ സാമഗ്രി പോലുമാണ്. മനുഷ്യൻ സൃഷ്ടികർത്താവാണ്. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സൃഷ്ടിക്കുള്ള സാമഗ്രിയാണ്. സൃഷ്ടിയുടെ സാമഗ്രി ദൈവാംശമാണ്. അതുകൊണ്ട് മനുഷ്യൻ ദൈവമാണ്. ആ ദൈവത്തെ പക്ഷേ, അന്ധതമസ്സിലേക്ക് തള്ളരുതെന്നാണ് ഗുരു ഉപദേശിക്കുന്നത്.
മനുഷ്യൻ ദൈവമാണെങ്കിൽ അത് അവൻ അറിയണം. അറിവിലാണ് ദേവനുള്ളത്. മനുഷ്യൻ പാപിയായാൽ അവന്റെ ദൈവവും പാപിയാകും . അവന്റെ പാപകർമ്മങ്ങളെ പിന്തുണയ്ക്കാൻ ദൈവത്തെ അനുവദിക്കരുത്; അതാണ് മനുഷ്യന്റെ ജാഗ്രത. അവിടെയാണ് സകല തിന്മകളും ഒഴിഞ്ഞുപോകുന്നത്.
സ്വന്തം ദൈവത്തെ പാപത്തിൽ മുക്കാതിരിക്കാൻ ഓരോ മനുഷ്യനും സ്വന്തം കർമ്മത്തിൽ സമഗ്രമായി ശുദ്ധത കൈവരിക്കണം. അതാണ് മനുഷ്യത്വത്തിന്റെ മഹത്വമായി ഗുരു ചൂണ്ടിക്കാണിക്കുന്നത്.
‘ദൈവദശക ‘ത്തിൽ അന്ധവിശ്വാസമാണ് കുരീപ്പുഴ കാണുന്നതെങ്കിൽ അത് പാപ്പരത്തമാണ്, വിവരക്കേടാണ്. അഗാധമായ മനനം ഇല്ലാത്ത കുരീപ്പുഴയുടെ വിപ്‌ളവം വളരെ ഉപരിപ്ലവമാണ്. ശാസ്ത്രവും യുക്തിയും എങ്ങനെയാണ് അവസാനവാക്കാകുന്നത്? ശാസ്ത്രം എപ്പോഴും മാറ്റത്തിനു വിധേയമാണ്. എന്നാൽ സ്പാനീഷ് കലാകാരനായ ഫ്രാൻസിസ്‌കോ ഗോയ (Goya)യുടെ ചിത്രങ്ങൾ മാറ്റത്തിനു വിധേയമല്ല; അത് മറ്റൊരു രീതിയിൽ ആർക്കും വരയ്ക്കാനാവില്ല. വരച്ചാൽ വേറൊന്നാണ് ഉണ്ടാവുക .ഗോയയുടെ നോട്ടം സവിശേഷമാണ്. അത് ശാസ്ത്രയുക്തികൾക്ക് അപ്രാപ്യമായ സിദ്ധിവിശേഷമാണ്.

ഗുരുദർശനം അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുന്ന ഒരു കവിയെ ആദ്യമായി കാണുകയാണ്. വിലകുറഞ്ഞതും ചിന്താദരിദ്രവുമായ കുരീപ്പുഴയുടെ വാക്കുകൾ കാലം അതിന്റെ സുരക്ഷിതമായ ചവറ്റുകുട്ടയിലേക്ക് തന്നെ വലിച്ചെറിയും. ദൈവദശകം ഒരു ശുദ്ധീകരണമാണ്; അത് കേവല ഭക്തിയല്ല. ഒരു വിശ്വദൈവാവബോധമാണ്. നമ്മുടെ നാട്ടിലെ ഒരു സ്ഥലനാമമോ സന്ദർഭമോ അതിലില്ല. ദൈവനാമം പോലുമില്ല. അത് മേല്പത്തൂരിന്റെയോ പൂന്താനത്തിന്റെയോ ഭക്തിയല്ല . ചിന്തകളിൽ ഉണ്ടായിരിക്കുന്ന ആത്മീയമായ ഉണർവിനെയും ബുദ്ധിയെയും നവമാക്കുകയാണ് ഗുരു. സാർവത്രികവും മതരഹിതവും ആത്മീയവും ശുദ്ധവുമായ പ്രാർത്ഥന എന്താണെന്ന് അനുഭവപ്പെടുത്തുകയാണിവിടെ.
ദൈവത്തിന്റെ അദൃശ്യത

ദൈവത്തിനു എന്തിനാണ് വിശ്വാസങ്ങൾ, ചിട്ടകൾ ? ഇതെല്ലാം നമുക്കാണ് വേണ്ടത്. എന്നാൽ ഇത് ബന്ധനമാകരുത്. ദൈവത്തിന്റെ മതേതരത്വമാണത്. നാനാജാതി മതങ്ങളിലെ ആത്മീയപ്രതിസന്ധികളെ സരളമായി, ജൈവമായി സമീപിക്കുകയാണ്. മനുഷ്യന് ഒരു സസ്യത്തെപോലെ നിർമ്മലമായി ദൈവത്തെ അറിയാനാകുമോ എന്ന ചിന്തയാണത്. വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി ധരിക്കുന്നതുപോലെയല്ല മതം. വസ്ത്രങ്ങൾ ഏതായാലും മനുഷ്യൻ മാറുന്നില്ലല്ലോ. മനുഷ്യനിലാണ് മാറ്റം ഉണ്ടാകേണ്ടത്. ആ മാറ്റത്തിനനുസരിച്ച് ദൈവവും മാറുകയാണ്. ദൈവം തന്നെ പുതിയ പരിപ്രേക്ഷ്യത്തിൽ അവതരിക്കുന്നു. രമ്യതയുടെ ദൈവശാസ്ത്രമാണ് ‘ദൈവദശകം’. അതിലെ ദൈവത്തിനു നാടോ വീടോ മതമോ കാലമോ ഇല്ല .
ഗുരു ‘ഇന്ദ്രിയവൈരാഗ്യം’ എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു:
‘കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം!
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!’
ഗുരുവിന്റെ ദൈവദർശനം ഈ വരികളിലുണ്ട്. അത് അന്ധവിശ്വാസമല്ല. പ്രാപഞ്ചിക രഹസ്യത്തിലേക്ക് നമ്മെ നടത്തിക്കുകയാണ്. കാണും നിറം തരമിതൊക്കെയും അഴിഞ്ഞില്ലാതാകുമ്പോഴാണ് ദൈവം പ്രത്യക്ഷമാകുന്നതെന്നാണ് വിവക്ഷ. കാണുന്നത് രസമാണ് .കണ്ണുകൾ യഥേഷ്ടം അത് പിന്തുടരുന്നു . എന്നാൽ കണ്ടതുകൊണ്ട് നാം എവിടെയും വിജയിക്കുന്നില്ല. കണ്ടുകൊണ്ടിരുന്നാലും പ്രാണൻ സുരക്ഷിതമാകുന്നില്ലല്ലോ. കണ്ടതെല്ലാം പാഴായി പോകും. കണ്ടതെല്ലാം നൈമിഷികമായിരുന്നു. എന്തെല്ലാം ദൃശ്യങ്ങൾ കണ്ടു നാം സഞ്ചരിച്ചു. എല്ലാം നമ്മിൽ നിന്നും നിശ്ശബ്മായി പിൻവാങ്ങുകയല്ലേ ചെയ്യുന്നത്. ഈ കാണലിന് അപ്പുറമുള്ള ഒരു ദൈവത്തെ കാണാനാണ് ഗുരു ആലോചിക്കുന്നത്. ആ ദൈവം അദൃശ്യതയെ ആകെ ചൂഴുകയാണ്. നമ്മൾ കാണാത്ത നമ്മുടെ തന്നെ ജീവിതമാണ് ദൈവം. ദൈവം അദൃശ്യമായിരിക്കുന്നതു അതുകൊണ്ടാണ്. അദൃശതകളെ നോക്കുന്നത് ദൈവത്തിന്റെ മൂന്നാം കണ്ണാണ്. ഭാവി അതാണ്. കാലം അതാണ്. കാണാത്ത മനസ്സ് അതാണ്. ഇന്ദ്രിയാതീതമായതെല്ലാം അതാണ്. പ്രത്യക്ഷതകൾ ശാസ്ത്രത്തിന്റേതാണ്. അതിന്റെ യുക്തികൾ മാത്രമാണ് അതിന്റെ രക്ഷയ്ക്കുള്ളത്.
ഇന്ദ്രിയങ്ങൾകൊണ്ട് അറിയാനാവാത്ത തെല്ലാം മനുഷ്യനു വെല്ലുവിളി ഉയർത്തുകയാണ്. അതു കൂടി ഉൾപ്പെടുന്നതാണ് ദൈവം. ശാസ്ത്രത്തിന്റെ ദൈവം യുക്തിയുടെ വലയത്തിലാണുള്ളത്. ഖലിൽ ജിബ്രാൻ ശാസ്ത്രത്തിന്റെ അതിബുദ്ധിയെ പരിഹസിച്ചുകൊണ്ട് ഏകാന്തതയെക്കുറിച്ച് ഒരു കുറിപ്പെഴുതിയിട്ടുണ്ട്. തന്റെ ഏകാന്തത തന്റേതു മാത്രമാണെന്ന് അറിയുന്നത് താൻ മാത്രമാണ്. എന്നാൽ തന്റെ ഏകാന്തതയുടെ അപ്പുറത്തുള്ളവന് ഇത് വ്യക്തമല്ല. അവന്റെ നോട്ടത്തിൽ തന്റെ ഏകാന്തത ജനസാന്ദ്രവും ശബ്ദബഹുലവുമാണ്. ഇതു തന്നെയാണ് ലോകത്തിലെ പ്രമുഖ കവികളെല്ലാം അവരുടെ ജ്ഞാനമായി ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്.