CRIME STORY THIRUVANANTHAPURAM

ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ;
പോലീസ് അന്വേഷണം തുടങ്ങി; കുടുംബത്തിൽ ഇതോടെ ഏഴ് അസ്വാഭാവിക മരണം

ഡി .രതികുമാർ


തിരുവനന്തപുരം : ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഈ കുടുംബത്തിലെ 7 പേരാണ് അസ്വാഭാവിക സാഹചര്യങ്ങളിൽ മരണപ്പെട്ടത്. എല്ലാം പുരുഷന്മാർ .
നെയ്യാറ്റിൻകര, ആലുംമ്മൂട് വിഷ്ണു ജൂവലറി ഉടമ ആലുംമൂട് ഹരിപ്രിയ സദനത്തിൽ കേശവൻ (55), ഭാര്യ സെൽവം (50) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
21 വർഷങ്ങൾക്കു മുൻപ് പനിബാധിച്ചതിനെ തുടർന്ന് കാലുകൾക്ക് സ്വാധീനക്കുറവുണ്ടായിരുന്ന കേശവനാചാരി വർഷങ്ങളായി വീൽചെയറിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെ എകമകളായ ഹരിപ്രിയ യാണ് (19) സംഭവം അയൽക്കാരെ അറിയിച്ചത്. അയൽവാസികൾ നെയ്യാറ്റിൻകര പൊലീസിനെ വിളിച്ചറിയിച്ചു. രാവിലെ ഉറക്കമുണർന്ന് ഹരിപ്രിയ വരുമ്പോൾ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അച്ഛനെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെയുമാണ് കണ്ടത്.
അച്ഛനെ ആശുപത്രിയി ലെത്തിക്കാൻ ആംബുലൻസ് വിളിക്കുന്നതിനിടെ അമ്മയും വിഷം കഴിച്ചെന്നും തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മകൾ പൊലീസിന് മൊഴി നൽകി. സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന ഗോൾഡ് പൊട്ടാസ്യം സയനെഡാവാം ഇരുവരും കഴിച്ചതെന്ന് നെയ്യാറ്റിൻകര സിഐ സാഗർ പറഞ്ഞു.
ദിവസവും ആട്ടോ മാറ്റിക് വീൽചെയറിൽ ഒറ്റയ്ക്കാണ് കേശവൻ വീട്ടിൽ നിന്ന് ജൂവലറിയിൽ പോയി വന്നിരുന്നത്. കഴിഞ്ഞ കുറെ ദിവസമായി കേശവൻ അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കേശവനടങ്ങുന്ന കുടുംബത്തിൽ മുൻപ് ഏറ്റവും മുതിർന്ന ജേഷ്ഠ സഹോദരൻ മുരുകൻ വിഷം കഴിച്ചു മരിച്ചതാണ്. പിന്നാലെ മുരുകന്റെ രണ്ടു ആണ്മക്കളും ഇതേപോലെ മരിച്ചിരുന്നു. കുടുംബത്തിൽ ഏറ്റവും മുതിർന്നത് മുരുകൻ ആണ്, രണ്ടാമൻ ശബരീനാഥ് , ഇളയതാണ് മരണപ്പെട്ട കേശവൻആചാരി. ശബരീ നാഥും ,തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ ഇളയ സഹോദരി കുമാരി ഒഴികെ 7 പേരാണ് ഈ കുടുംബത്തിൽ ഇതുവരെ അസ്വാഭാവിക സാഹചര്യങ്ങളിൽ മരണമടഞ്ഞത്. തുടരെത്തുടരെയുള്ള മരണങ്ങൾ ദുരൂഹത ഉയർത്തുന്നുണ്ട് .കുടുംബത്തിലെ ആറു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരണത്തിനു കീഴടങ്ങിയത്.
ഇപ്പോഴത്തെ വിഷ്ണു ജൂവലറി മുൻപ് മരണപ്പെട്ട മുരുകന്റെ ഭാര്യ കുറെ നാൾ നടത്തിയിരുന്നു.പിന്നീട് കേശവൻ ഇത് വാടകക്ക് എടുക്കുകയായിരുന്നു. വിഷ്ണു ജൂവലറിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു കേശവനും, ശബരീനാഥും, മുരുകന്റെ ഭാര്യയും തമ്മിൽ തർക്കവും കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട് .
19 വയസുള്ള മകളെ അനാഥയാക്കി കേശവനും ഭാര്യയും വിഷം കഴിച്ചു മരിക്കില്ലയെന്നു കേശവന്റെ ഭാര്യ സെൽവത്തിന്റെ ബന്ധുക്കൾ പറയുന്നത് .അഥവാ സാമ്പത്തിക വിഷയങ്ങൾ ഉണ്ടങ്കിൽ വീടും സ്ഥലവും ഉള്ളതിനാൽ പരിഹരിക്കാവുന്നതേ ഉള്ളൂ എന്ന് അയൽവാസികളും പറയുന്നു. ഇന്നലെ വൈകിട്ട് കേശവന്റെ മൃതദേഹം സംസ്‌കരിച്ചു. ഇരുവരുടെയും മരണത്തോടെ ഏക മകൾ ഹരിപ്രിയ വീട്ടിൽ ഒറ്റക്കായി.
പോസ്റ്റ് മാർട്ടം റിപ്പോർട്ടു ലഭിച്ചാലേ പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. മരണപ്പെട്ട കേശവന്റെ മൃതദേഹം കിടന്ന മുറിയിൽ നിന്ന് സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന ഗോൾഡ് പൊട്ടാസ്യം സയിൻഡിന്റെ പരലുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട് .
ഈ കുടുംബത്തിലെ 7 പേർ മരണപ്പെട്ടത് പോലീസിനെ കൂടുതൽ അന്ന്വേഷണവുമായി മുന്നോട്ടു പോകുവാൻ നിർബന്ധിക്കുന്നുണ്ട് .നെയ്യാറ്റിൻകര പോലീസ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു. ചില രഹസ്യ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. ഇരുവരുടെയും മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടോ, ആത്മഹത്യ നിർബന്ധിച്ചു ചെയ്യിച്ചതാണോ, കോടതി വിധികൾ സ്വാധീനിച്ചിട്ടുണ്ടോ, ബ്ലേഡ് മാഫിയയോ, കടബാധ്യതകളോ കാരണമായോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *