FILM BIRIYANI

വടക്കൻപാട്ടിന്റെ കഥാകാരൻ;
തിരശ്ശീലയിലെ വില്ലൻ

ശിവദാസ് എ

പഴയ കാല സിനിമയിലെ സ്ഥിരം വില്ലൻ ആയിരുന്നു ഗോവിന്ദൻകുട്ടി എന്ന നടൻ. മലയാള സിനിമയിലെ ബലാത്സംഗ വീരൻ എന്ന് പോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഈ വില്ലനെ അത്ര പരിചയം കാണില്ല. പഴയകാലത്തെ വടക്കൻ പാട്ട് സിനിമകളുടേയെല്ലാം തിരക്കഥാകൃത്ത് കൂടിയായിരുന്നു എൻ ഗോവിന്ദൻകുട്ടി.


1924-ൽ ഫോർട്ട്‌കൊച്ചിയിൽ കറുകച്ചാൽ ചെറുവന്താനത്ത് ശങ്കര നാരായണന്റെയും തൃശൂർ കൂർക്കഞ്ചേരി പനങ്ങാട്ട് നാണിക്കുട്ടിഅമ്മയുടെയും മകനായാണ് ജനനം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം കെ.പി.എ.സി.യിലൂടെ നാടകരംഗത്തു സജീവമായി. 1956-ൽ കോട്ടയം ജ്യോതി തിയ്യറ്റേഴ്‌സിനു വേണ്ടി ‘ഉണ്ണിയാർച്ച ‘ എന്ന നാടകമെഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്ത് കൈയൊപ്പ് ചാർത്തുന്നത്. ഗോവിന്ദൻകുട്ടിക്ക് നാടകം പെറ്റമ്മയും സിനിമ പോറ്റമ്മയുമായിരുന്നു. അശ്വമേധം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കൂട്ടുകുടുംബം, മുടിയനായ പുത്രൻ തുടങ്ങി കെ. പി. എ. സി. യുടെ നാടകങ്ങളിലെ ഗോവിന്ദൻകുട്ടിയുടെ പ്രകടനം കേരളത്തിൽ അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘ഉണ്ണിയാർച്ച ‘ എന്നപേരിൽ സിനിമയും നിർമ്മിച്ചിരുന്നു .


24-ഓളം സിനിമകൾക്ക് തിരക്കഥകളെഴുതി. 150-ഓളം സിനിമകളിൽ അഭിനയിച്ചു. 11 നാടകങ്ങളും 20 കഥാ സമാഹാരങ്ങളും എഴുതി… ‘ഗോവിന്ദൻകുട്ടിയുടെ കഴിവിന് മുൻപിൽ എന്റെ നമോവാകം ‘ എന്ന് ജോസഫ് മുണ്ടശ്ശേരി പറഞ്ഞിട്ടുള്ളതായി ഓർക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ, മുട്ടത്തുവർക്കി, കേശവദേവ്, പി. സി. കുട്ടികൃഷ്ണൻ, പൊറ്റേക്കാട്, തകഴി, കാരൂർ തുടങ്ങിയ ഒന്നാം നിര സാഹിത്യകാരിന്മാരുടെ മുന്നിൽതന്നെ ഗോവിന്ദൻകുട്ടി സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന് 1949-ൽ പ്രസിദ്ധീകരിച്ച ഗോവിന്ദൻകുട്ടിയുടെ ആദ്യ കഥാ സമാഹാരമായ ‘നർത്തകി ‘ വായിച്ച് മഹാകവി അക്കിത്തം അന്നെഴുതി.


പണ്ടത്തെ സിനിമകളിലൊക്കെ ദുഷ്ടകഥാപാത്രമെന്നു കേൾക്കുമ്പോൾ ഗോവിന്ദൻകുട്ടിയുടെ പേരാണ് ഓർമ്മ വരിക.
1967-ൽ പുറത്തിറങ്ങിയ ‘മൈനത്തരുവി കൊലക്കേസ് ‘ എന്ന സിനിമയിൽ മറിയക്കുട്ടിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷീലയെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന പുരോഹിതന്റെ വേഷമായിരുന്നു ഗോവിന്ദൻകുട്ടിക്ക്. പഴയ തലമുറയിലെ പ്രേക്ഷകർ ഇന്നും മറക്കാത്ത കഥാപാത്രം. അതായിരുന്നു ഗോവിന്ദൻകുട്ടിക്ക് ബലാത്സംഗവീരനെന്ന പട്ടം ചാർത്തിക്കൊടുത്തത്.
തോപ്പിൽ ഭാസി, എസ്. എൽ. പുരം സദാനന്ദൻ എന്നിവരുമായുള്ള സൗഹൃദമാണ് ഗോവിന്ദൻകുട്ടിയെ സിനിമയിലെത്തിച്ചത്.


1961-ൽ പുറത്തിറങ്ങിയ ‘ക്രിസ്മസ് രാത്രി ‘ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന്റെ തുടക്കം.
‘പണിതീരാത്ത വീടി ‘ലെ തങ്കയ്യൻ എന്ന കഥാപാത്രം ഗോവിന്ദൻകുട്ടി എന്ന നടനെ പ്രശസ്തനാക്കി. നായകനായ നസീറിനെപ്പോലും നിഷ്പ്രഭനാക്കിക്കളഞ്ഞു ഗോവിന്ദൻകുട്ടി. ഒരു കുരുന്നുപെണ്ണിനെ മുതലാളിക്കു കാഴ്ച വയ്ക്കുന്ന സീനായിരുന്നു അത്.
ഏറ്റവും ഒടുവിലിറങ്ങിയ പടയോട്ടത്തിലെ പെരുവനക്കുറുപ്പിനെ അവതരിപ്പിച്ചതിനു ശേഷം അനാരോഗ്യം കാരണം സിനിമാ അഭിനയത്തിൽ നിന്നും ഗോവിന്ദൻകുട്ടി മാറിനിന്നു. അവസാനം അഭിനയിച്ചത് ‘സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി’യിലെ മന്ത്രവാദിയുടെ റോളിലാണ്.

ശാന്തയാണ് ഭാര്യ. ഏക മകൾ രേഖ താമസിക്കുന്നത് എറണാകുളത്ത് താണിക്കൽ അമ്പലത്തിനടുത്ത് അച്ഛൻ പണികഴിപ്പിച്ച ‘ചെറുവാരണത്ത് ‘ എന്ന വീട്ടിലാണ്.
1993 ജൂൺ 23 ന് 69 വയസ്സിൽ കരൾരോഗ ബാധിതനായാണ് അദ്ദേഹം മരണമടയുന്നത് . 1961 മുതൽ 1993 വരെ സിനിമാരംഗത്തു സജീവമായിരുന്നു അദ്ദേഹം. മരിക്കുന്നതിനുമുൻപ് അദ്ദേഹം എഴുതിയ കഥയാണ് ‘മൃത്യോർമ അമൃതം ഗമയാ ‘.

Related Posts

Leave a Reply

Your email address will not be published. Required fields are marked *