ഡോ.പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു

കാസർകോട്: പ്രമുഖ വ്യവസായിയും മത,സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ മേഖകളിൽ നിറ സാന്നിധ്യവുമായിരുന്ന ഡോ. പി .എ .ഇബ്രാഹിം ഹാജി (78) അന്തരിച്ചു.കാസർക്കോട് പള്ളിക്കര സ്വദേശിയായ ഹാജിയെ ന്യൂറോ സ്ട്രോകിനെ തുടർന്ന് ബോധരഹിതനായി ഈമാസം 11 ന് ദുബൈയിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ എയർ ആംബുലൻസിൽ ഇന്ന് പുലർച്ചെ കോഴിക്കോട്ട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. അവിടെ ചികിത്സ നടക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യമാരായ മറിയം,സാജിദ, സഹോദരങ്ങളായ പി.എ.ഹംസ,പി.എ.അബൂബക്കർ ഹാജി,പീസ് ഗ്രൂപ്പ് ഡയറക്ടർ അഡ്വ.അസീസ് മുഹമ്മദ്, സെക്രട്ടറി കം ഗ്രൂപ്പ് കോഓർഡിനേറ്റർ മലയിൽ അബ്ദുല്ല കോയ,മരുമക്കളായ വരിക്കോടൻ ഹാശിം,ഡോ.ശാഫി എന്നിവർ മരണസമയം അടുത്തുണ്ടായിരുന്നു.


കർണാടകയിൽ മംഗളൂരു ദേർളക്കട്ടയിലെ പ്രശസ്തമായ പി .എ . എഞ്ചിനീയറിംഗ് കോളജ് സ്ഥാപകനാണ് ഇബ്രാഹിം ഹാജി.പി.എ.പോളിടെക്‌നിക് അനുബന്ധ സ്ഥാപനമാണ്. മലബാർ ചാരിറ്റബിൾ ട്രസ്റ്റ്, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് കോ. ചെയർമാൻ സ്ഥാനങ്ങളിലും പ്രവർത്തിക്കുകയായിരുന്നു. ഷാർജയിലും ദുബായിലുമായി അദ്ദേഹത്തിന്റെ പീസ് ഗ്രൂപിന്റെ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.ഷാർജ ഗൾഫ്-ഇന്ത്യൻ ഇംഗ്ലീഷ് സ്‌കൂൾ, കുവൈത്ത് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു.
യു.എ.ഇ രൂപം കൊള്ളും മുമ്പ് 1966 ലാണ് ഇബ്രാഹിം ഹാജി ദുബായിലെത്തുന്നത്.ചെന്നൈയിൽ നിന്ന് നേടിയ ഓട്ടോമൊബൈൽ മെക്കാനിക്കൽ ഡിപ്ലോമ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ സ്‌പെയർപാർട്‌സ് സെയിൽസ്മാനായിട്ടായിരുന്നു തുടക്കം. ബന്ധുവിന്റെ തുണിക്കട ഏറ്റെടുത്ത്1976ൽ ആ ജോലി ഒഴിവാക്കി പൂർണമായി ബിസിനസിൽ ഊന്നി. അപ്രതീക്ഷിത കുതിച്ചുകയറ്റത്തിൽ ദുബായിലെ ഒന്നാം നിര തുണിക്കച്ചവടക്കാരുടെയും ഇറക്കുമതിക്കാരുടെയും കൂട്ടത്തിൽ അദ്ദേഹത്തിന്റെ സെഞ്ച്വറി ട്രേഡിങ് കമ്പനിയും എത്തി. വിവിധ ഗൾഫ് രാജ്യങ്ങളിലും സെഞ്ച്വറി സ്ഥാപനങ്ങൾ പടർന്നു.

വിദ്യാഭ്യസ രംഗത്തും ശ്രദ്ധേയ മുന്നേറ്റങ്ങൾ കാഴ്ച വെച്ചു. പ്രവാസി രത്‌ന, സി എച് അവാർഡ്, ഗർഷോം ഇന്റർനാഷനൽ അവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 25,000 ഓളം ജീവനക്കാർ ജോലി ചെയ്തുവരുന്നുണ്ട്.1943 സെപ്റ്റംബർ ആറിന് അബ്ദുല്ലയുടേയും ആയിഷയുടേയും മകനായാണ് ജനിച്ചത്.

ഭാര്യമാർ: പടന്നക്കാട് തുരുത്തിയിലെ വി.മറിയം, മാഹിയിലെ വി.സാജിദ.മക്കൾ: അബ്ദുല്ലത്തീഫ്,വരിക്കോടൻ ഹാശിമിന്റെ ഭാര്യ ആയിശ, മുഹമ്മദ് ഷാഫി, അബ്ദുല്ല ഇബ്രാഹിം,അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം,ബിലാൽ ഇബ്രാഹിം,ആദിൽ ഇബ്രാഹിം,ഹയ ഫാത്വിമ.
കരുണയുടെ പ്രതീകം, സ്‌നേഹത്തന്റെ സാന്നിദ്ധ്യം
മലയാളിക്ക് എന്നും കരുണയുടെ പ്രതീകമായി, പൊതുമണ്ഡലത്തിൽ സ്‌നേഹത്തിന്റെ സാന്നിധ്യമായിരുന്ന ഇബ്രാഹിം ഹാജിയുടെ നിര്യാണം വലിയ നഷ്ടമാണെന്ന് പ്രതിപക്ഷ ഉപനേതാവും മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവുമായ മുൻ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞയാഴ്ച നടത്തിയ ദുബായ് സന്ദർശനത്തിലാണ് അവസാനമായി അദ്ദേഹത്തെ നേരിൽ കണ്ടത്. ആ സമയം അദ്ദേഹം തന്നെ നേരിട്ട് എയർപോർട്ടിൽ വന്ന് എന്നെയും കുടുംബത്തെയും സ്വീകരിക്കുകയും എന്റെ മകന്റെ വസതിയിലേക്ക് കൂടെ അനുഗമിക്കുകയും ചെയ്യുകയുണ്ടായി. കുടുംബ സമേതം അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം അന്ന് ചിലവഴിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഓർക്കുകയാണ്. യാത്രയിലുടനീളവും, ഒന്നിച്ച് ചിലവഴിച്ച സമയങ്ങളിലും ഊഷ്മളമായ സാനിധ്യമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.
ഈ യാത്രയിൽ തന്നെയാണ് അദ്ദേഹമൊന്നിച്ചുള്ള അവസാനത്തെ പൊതുചടങ്ങിൽ സംബന്ധിച്ചതും.
ദുബൈ കെ.എം.സി.സിയുടെ പ്രോഗ്രാമായിരുന്നു അത്.
ഔദ്യോഗിക ജീവിതത്തിന്റെ വലിയ തിരക്കുകൾക്കിടയിലും സഹജീവികളുടെ വേദനകൾ കാണാനും അത് പരിഹരിക്കാനും ഹാജി സമയം കണ്ടെത്തി. തന്റെ പൊതുപ്രവർത്തനത്തിന്റെ ലക്ഷ്യംതന്നെ സഹജീവികളെ സഹായിക്കുക എന്നതിലേക്ക് അദ്ദേഹം നിജപ്പെടുത്തി. ചന്ദ്രികയുടെ താങ്ങും തണലുമായി നിന്ന് സമൂഹ സേവനത്തിന്റെ വഴിയിൽ അദ്ദേഹം വെളിച്ചമായി നിന്നു.
നാഥൻ അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കുമാറാകട്ടെ.
ബിസിനസ്സിലും വ്യക്തിജീവിതത്തിലും കണിശമായ നിഷ്ഠകൾ
വേർപാട് വേദനാജനകം
പ്രിയ സുഹൃത്തും വ്യവസായ പ്രമുഖനും ജീവകാരുണ്യ, രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യവുമായ പി.എ ഇബ്രാഹിം ഹാജിയുടെ വേർപ്പാട് വേദനാജനകമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.വി.അബ്ദുൽ വഹാബ് എം.പി പറഞ്ഞു.

ബിസിനസ്സിലും വ്യക്തിജീവിതത്തിലും കണിശമായ നിഷ്ഠകളുണ്ടായിരുന്നു ഇബ്രാഹിം ഹാജിക്ക്. ഒരു ബിസിനസ്സ് പങ്കാളി എന്ന നിലക്കും സുഹൃത്ത് എന്ന നിലയിലും അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണ്.
ചന്ദ്രിക ഡയറക്ടർ എന്ന നിലയിലും മുസ്ലിംലീഗ് പ്രസ്ഥാനത്തിലും കെ.എം.സി.സി പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിന്റെ വർത്തമാനങ്ങൾ കേൾക്കാൻ ഇനി സാധിക്കില്ല എന്ന സങ്കടം വലുതാണ്.
നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
അശരണർക്കും പാവങ്ങൾക്കു അത്താണി
പ്രിയപ്പെട്ട പി എ ഇബ്രാഹിം ഹാജി (ഇബ്രാഹിംച്ച) നാഥനിലേക്ക് മടങ്ങിയത് ഹൃദയവദനയുണ്ടാക്കിയ വിടവാങ്ങലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഡോ.എം.കെ.മുനീർ എം.എൽ.എ പറഞ്ഞു.

ജീവ കാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം അശരണർക്കും പാവപ്പെട്ടവർക്കും അത്താണിയായിരുന്നു.
അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.
വിയോഗം വേദനാജനകം
മംഗളൂറുവിന്റെ അഭിമാനമായ ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ യു.ടി.ഖാദർ എം.എൽ.എ പറഞ്ഞു.

തന്റെ മണ്ഡലത്തിന്റെ അഭിമാനമാണ് ഇബ്രാഹിം ഹാജി സ്ഥാപിച്ച പി.എ.എഞ്ചിനിയറിംഗ് കോളജ്.അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖം പ്രകടിപ്പിക്കുകയും സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.