പിങ്ക് പൊലീസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് പെൺകുട്ടി, നമ്പി നാരായണനു കൊടുത്തതുപോലെ പെൺകുട്ടിക്കും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയേയും പിതാവിനേയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് നടപടിയിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം.
പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് അച്ചടക്ക നടപടിയല്ലെന്നും എന്തു കൊണ്ടാണ് ഇനിയും നടപടിയെടുക്കാൻ മടിക്കുന്നതെന്നും കോടതി ചോദിച്ചു. നമ്പി നാരായണന് കൊടുത്തത് പോലെ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കേസ് പരിഗണിച്ചുകൊണ്ട് കോടതി ആവശ്യപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരിൽ നിന്നും നീതി കിട്ടിയില്ലെന്നും അഭിഭാഷക പറഞ്ഞു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി അറിയിച്ച് ഉദ്യോഗസ്ഥ അഭിഭാഷകൻ മുഖേനെ മാപ്പാപേക്ഷ സമർപ്പിച്ചിരുന്നു.
കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോൾ സർക്കാർ പൊലീസുകാരിയുടെ മാനസികാവസ്ഥയെപ്പറ്റിയാണ് ആശങ്കപ്പെടുന്നത്. സ്ഥലം മാറ്റം കിട്ടിയ സ്ഥലത്തും പൊലീസുകാരി ഇതു തന്നെ ആവർത്തിച്ചാൽ എന്ത് ചെയ്യുമെന്നും കേസ് പരഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
പൊലീസ് ക്ലബ്ബിൽ ഇരുന്നാണോ ഒരാൾക്കെതിരെ അന്വേഷണം നടത്തുന്നത്?. ഇവരെ സംരക്ഷിക്കാൻ പൊലീസ് മേധാവി ശ്രമിക്കുന്നത്. എന്ത് കൊണ്ടെന്നും ഡിജിപി ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് ദോഷം ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഉണ്ടായപ്പോഴാണ് കുട്ടി കരഞ്ഞതെന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും അത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കോടിതി ചൂണ്ടിക്കാട്ടി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതും പീഡനമാണെന്ന് കോടതി പറഞ്ഞു.
കുട്ടിയെ ചികിത്സിച്ച ഡോക്ടർ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി. കുട്ടിക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർ കോടതിയെ അറിയിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു.തിങ്കളാഴ്ചയാണ് കേസിൽ വിധി പറയുന്നത്.