പക്ഷിപ്പനി; വേവിച്ച മുട്ടയും ഇറച്ചിയും ഭക്ഷ്യയോഗ്യം; നിർദേശങ്ങൾ ഇവ

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെയടക്കം വേവിച്ച മുട്ടയും താറാവ്, കോഴി ഇറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണെന്ന് ചീഫ് മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
നന്നായി വേവിച്ചവ ഭക്ഷ്യയോഗ്യമാണ്. രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ കോഴികളുടെയും താറാവുകളുടെയും മാംസം കഴിക്കുകയോ മറ്റുള്ളവർക്ക് കഴിക്കാൻ നൽകുകയോ ചെയ്യരുത്. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് കൈയുറയും മാസ്‌കും ഉപയോഗിക്കണം. പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗബാധ വന്ന് ചത്തുപോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കരുത്. ഇവയെ കത്തിച്ച് നശിപ്പിക്കണം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്നും ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു.


ജില്ലയിൽ മൂന്നിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാൽ പ്രദേശം, കല്ലറയിലെ വാർഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാർഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സാമ്ബിളുകളിലാണ് എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് സ്ഥിരീകരണം.
പക്ഷിപ്പനി തടയുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു. രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ താറാവ് അടക്കമുള്ള പക്ഷികളെ കൊന്നു നശിപ്പിക്കും. രോഗബാധ സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിപണനവും പുറത്തേക്ക് കൊണ്ടുപോകലും നിരോധിച്ചിട്ടുണ്ട്. പത്തു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, മറ്റു പക്ഷികൾ എന്നിവയെ തീറ്റയ്ക്കായി കൊണ്ടു നടക്കുന്നതിനും നിരോധനമുണ്ട്. പ്രദേശങ്ങളിൽ ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.