ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡുകൾ ഉറപ്പുവരുത്തണം, ഇല്ലെങ്കിലും റേഷൻ നൽകണം: സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക തൊഴിലാളികൾക്ക് വോട്ടർ, ആധാർ, റേഷൻ കാർഡുകൾ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. ഇതിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കാൻ എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീകോടതി നിർദേശം നൽകി.
തൊഴിൽ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരുടേയും മൗലീകാവകാശങ്ങൾക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി നിരീക്ഷിച്ചു.


കോവിഡ് -19 മൂലം ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
റേഷൻ കാർഡില്ലെങ്കിലും ലൈംഗിത്തൊഴിലാളികൾക്ക് റേഷൻ നൽകുന്നത് തുടരണമെന്നും നിർദേശം നൽകി.
‘രാജ്യത്തെ ഓരോ പൗരനും അവന്റെ/അവളുടെ തൊഴിൽ പരിഗണിക്കാതെ തന്നെ മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാരിന് ബാധ്യതയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മറ്റ് അധികാരികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുമുണ്ട്. റേഷൻ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, ആധാർ കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുക,” ബെഞ്ച് ഉത്തരവിട്ടു.
ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകണമെന്ന സുപ്രീം കോടതിയുടെ നിർദേശങ്ങൾ 2011ൽ പാസാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് അത്തരം നിർദ്ദേശങ്ങൾ ഇതുവരെ നടപ്പിലാക്കാത്തത് എന്നതിന് വ്യകതമായ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചു.