രാമസിംഹനായ അലി അക്ബറിനെ കാവി അണിയിച്ച് ഹനുമാൻ സേനാ ഭാരത്

കോഴിക്കോട്: രാമസിംഹൻ എന്ന് നാമധേയം സ്വീകരിച്ച അലി അക്ബറിനെ ഹനുമാൻ സേനാ സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലനും പ്രവർത്തകരും അദ്ദേഹത്തിന്റെ സ്വവസതിയിൽ ചെന്ന് ആദരിക്കുകയും പ്രതീകാത്മകമായി ഭഗവത് ഗീത നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

കേരളത്തിലെ പ്രസിദ്ധ സംവിധായകനും ചിന്തകനും പ്രഭാഷകനുമായ അലി അക്ബർ സനാതന ധർമ്മം സ്വീകരിക്കുകയും ഭാരതത്തിന്റെ പൈതൃകത്തിലേക്ക് കടന്നു വരുകയും ചെയ്തത് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഋഗ്വേദം പകർന്നു നൽകിയ അറിവ് സ്വായത്തമാക്കി യഥാർത്ഥ ജ്ഞാനത്തെ തിരിച്ചറിഞ്ഞ അതുല്യ പ്രതിഭയാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ച അലി അക്ബറെന്ന് സംസ്ഥാന ചെയർമാൻ ഭക്തവത്സലൻ പറഞ്ഞു.
പഴയ രാമസിംഹന്റെ കഥ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കാര്യങ്ങളിലേക്ക് കടന്നത്. ”സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് മലപ്പുറത്ത് മാട്ടുമ്മൽ എന്ന സ്ഥലത്ത് ഉണ്ണിയൻ സാഹിബ് എന്ന ഒരു മുസ്ലീം യുവാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പൂർവ്വികർ ഹിന്ദു സംസ്‌കാരം ഉൾക്കൊള്ളുന്നവർ ആയിരുന്നു. അവരുടെ കുടുംബ ക്ഷേത്രത്തിൽ നരസിംഹത്തിന്റെ പ്രതിഷ്ഠയുള്ള ആരാധനാലയം ഉണ്ടായിരുന്നു . അത് പുതുക്കി പണിയണമെന്നും തനിക്ക് സ്വധർമ്മത്തിലേക്ക് തിരിച്ചുപോകണമെന്നുമുള്ള ഉണ്ണിയൻ സാഹിബിന്റെ അടങ്ങാത്ത അഭിനിവേശത്തെ തുടർന്ന് അദ്ദേഹം ഉണ്ണിയൻ സാഹിബ് എന്ന പേര് ഉപേക്ഷിച്ച് രാമസിംഹനാവുകയായിരുന്നു. എന്നാൽ അന്നത്തെ വർഗ്ഗീയ വാദികളായ മുസ്ലീം ഭീകരവാദികൾ പട്ടാപ്പകൽ അദ്ദേഹത്തെയും കുടുംബത്തെയും നടു റോഡിലിട്ട് വെട്ടി വീഴ്ത്തി അരിഞ്ഞരിഞ്ഞ് കൊല്ലുകയാണ് ഉണ്ടായത്. വർഷങ്ങൾക്കിപ്പുറം ആ രാമസിംഹൻ എന്താണോ സ്വപ്‌നം കണ്ടിരുന്നത്, അതുപോലെ ആ മാട്ടുമ്മൽ നരസിംഹ ക്ഷേത്രം ദേശസ്‌നേഹികളും ഹൈന്ദവ സംഘടനകളും ചേർന്ന് വളരെ വലിയ സൗകര്യത്തോടു കൂടിയ ആരാധനാലയമാക്കി മാറ്റുകയുണ്ടായി.ആ രാമസിംഹന്റെ പേരാണ് ഇന്ന് ആരാധ്യനായ അലി അക്ബർ സ്വീകരിച്ചത്. ആ പേരിടാൻ ധൈര്യം കാണിച്ച നിങ്ങളാണ് ധീരൻ എന്ന് ഞങ്ങൾ പറയുന്നു. അതുപോലെ തന്നെ ഇവിടെ ഔറംഗസീബിന്റെ മകനായി ഒരു സൂതിവര്യൻ ഉണ്ടായിരുന്നു. അദ്ദേഹം ഭാരതത്തിൽ വന്ന് സംസ്‌കൃതം പഠിക്കുകയും വേദങ്ങളും ഉപനിഷത്തുകളും സ്വായത്തമാക്കി ലോകം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു. ധാരാസി ഗോവിന്ദനെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. യഥാർത്ഥ അറിവിന്റെ വെളിച്ചം കണ്ടത്തുമ്പോഴാണ് മനുഷ്യൻ ശരിയായ പാതയിലേക്ക് മാറി സഞ്ചരിക്കുന്നത്. സൈനിക മേധാവി ബിപിൻ റാവത്തിന്റെ അപകട മരണത്തെ മത ഭീകരവാദികൾ ആഘോഷിച്ചതിൽ പ്രതിഷേധിച്ച് മനം നൊന്താണ് അലി അക്ബർ സനാതന ധർമ്മത്തിലേക്ക് വരാൻ ഇടയായത്. ഏതായാലും പഴയ രാമസിംഹന്റെ അവസ്ഥ പുതിയ രാമസിംഹന് ഉണ്ടാകാതിരിക്കാൻ കണ്ണിലെ കൃഷ്ണമണി പോലെ ആ കുടുംബത്തെയും അദ്ദേഹത്തിന്റെ സഞ്ചാര പഥത്തെയും കാത്ത് സൂക്ഷിക്കാൻ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഹനുമാൻ സേനാ പ്രവർത്തകരും സനാതന ധർമ്മ വിശ്വാസികളും ജാഗരൂകരായിരിക്കുമെന്ന് ഹനുമാൻ സേനാ സംസ്ഥാന ചെയർമാൻ എ.എം.ഭക്തവത്സലൻ പറഞ്ഞു.

പി.ശ്രീനിവാസൻ, പുരുഷു മാസ്റ്റർ , ഇ .പി . രംജീഷ്, സി. മിദുൻ , സ്‌നേഹരാജ്, അനിൽജിത്ത്, സുധീഷ് കേശവപുരി, ഷനൂപ് താമരക്കുളം, ടൈഗർ ചന്ദ്രൻ എന്നിവർ അദ്ദേഹത്തിനെ ആദരിക്കുവാനും പൊന്നാട അണിയിക്കുവാനും ഭഗവത് ഗീത നൽകുവാനുമുളള ചടങ്ങിൽ പങ്കെടുത്തിരുന്നു.