ഡോക്ടർമാരുടെ സമരം രമ്യമായി പരിഹരിക്കണം: മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ

കോഴിക്കോട്: രണ്ടാഴ്ചയായി പിജി ഡോക്ടർമാരുടെ സമരത്തിന് പുറമേ ഹൗസ് സർജൻ മാരും 24 മണിക്കൂർ സമരം ആരംഭിച്ചത് മൂലം അത്യാഹിത വിഭാഗത്തിലേയും, ഐ.പി./ഒ.പി. വിഭാഗത്തിലേയും പ്രവർത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തിൽ ഒരാൾക്ക് കൊറോണവൈറസ് വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമരം അനന്തമായി നീളുന്നത് പൊതു ജനങ്ങളിൽ ആശങ്ക പരത്തുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും മുൻകൈയെടുത്ത് സമരം ഒത്ത് തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ്, പ്രസിഡന്റ് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, സെക്രട്ടറി പി.ഐ. അജയൻ എന്നിവർ അഭ്യർഥിച്ചു. അഭ്യർത്ഥന ഓൺലൈൻ വഴി ആരോഗ്യ മന്ത്രിയെ മലബാർ ഡവലപ്‌മെൻറ്
കൗൺസിൽ പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ രണ്ടു തവണ ചർച്ച നടത്തിയിട്ടുണ്ടെന്നും ആവശ്യങ്ങൾ അംഗീകരിച്ചതായും ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയും, ചില ആവശ്യങ്ങൾ മാത്രമാണ് അംഗീകരിച്ചതെന്ന് സമരക്കാരും പറയുന്നു. വിശദമായ ചർച്ചകൾക്കുശേഷം ഒത്തുതീർപ്പിന് തീയതി നിശ്ചയിച്ച് സമരം എത്രയുംവേഗം പിൻവലിച്ച് രോഗികൾക്ക് ആശ്വാസം നൽകണമെന്ന് മലബാർ ഡവലപ്‌മെൻറ് കൗൺസിൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു.