KERALA Main Banner TOP NEWS

ഒമൈക്രോൺ കേരളത്തിലും എത്തി… എങ്ങനെ സുരക്ഷിതരാകാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

എന്താണ് ഒമിക്രോൺ?
സാർസ് കൊറോണ വൈറസ്2ന്റെ പുതിയ വകഭേദമാണ് ഒമിക്രോൺ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബർ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയിൽ കൂടുതൽ പ്രോട്ടീൻ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകർച്ചാശേഷി, പ്രതിരോധ ശക്തിയെ തകർക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയിൽ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കൺസേൺ ആയി പ്രഖ്യാപിച്ചത്.

പരിശോധന എങ്ങനെ?
സാർസ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാൻ സാധരണയായി ഉപയോഗിക്കുന്നതും കൂടുതൽ സ്വീകാര്യവുമായ മാർഗമാണ് ആർ.ടി.പി.സി.ആർ. എങ്കിലും ഒമിക്രോൺ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഒമിക്രോൺ ജനിതക നിർണയ പരിശോധന നടത്തിയാണ്.

എങ്ങനെ സുരക്ഷിതരാകാം?
അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതൽ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികൾ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്സിൻ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും ചെയ്യണം.

വാക്സിനേഷൻ പ്രധാനം
വാക്സിനെടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കേണ്ടതാണ്. വാക്സിൻ നൽകുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊവിഡിനെതിരെ സുരക്ഷ നൽകുവാൻ വാക്സിനുകൾക്ക് കഴിയും. കൊവിഡ് രോഗ തീവ്രത കുറയ്ക്കുവാൻ വാക്സിനുകൾക്ക് കഴിയും. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്സിനുകൾ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് വാക്സിൻ ഇതുവരെയും എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണം.
വൈറസുകൾക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങൾ ഉണ്ടാകും. വകഭേദങ്ങൾ അപകടകാരികൾ അല്ലെങ്കിൽ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതൽ പകർച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്‌ബോഴാണ് വകഭേദത്തിനെ കൂടുതൽ ശ്രദ്ധിക്കുക. വകഭേദങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കൊവിഡ് ബാധ കുറയ്ക്കുക എന്നതാണ്. അതിനാൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്നും അബുദാബി വഴി ഡിസംബർ ആറിനാണ് ഇയാൾ കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്ബിൾ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചത്.

എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിൽ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതൽ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ നാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇതോടൊപ്പം അദ്ദേഹത്തിന്റെ പ്രാദേശിക സമ്പർക്കപ്പട്ടികയിലുള്ള ടാക്സി ഡ്രൈവറേയും ഭാര്യാ മാതാവിനേയും നിരീക്ഷിച്ചു വരുന്നു. ഇതിൽ കൂടെ യാത്ര ചെയ്ത ഭാര്യയും പ്രാദേശിക സമ്പർക്കപ്പട്ടികയിലുള്ള ഭാര്യാ മാതാവും രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമായിരുന്നു. ഇവർ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രത്യേകം ചികിത്സയിലാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *