അമ്മ പിടിച്ചു കൊടുത്തു; മകൻ കഴുത്തറുത്തു; അറുത്ത തലയുമായി സെൽഫി

അറുത്ത തലയുമായി സെൽഫി;
വീണ്ടും ദുരഭിമാനക്കൊല: രണ്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയത് അമ്മയും സഹോദരനും ചേർന്ന്
കാമുകനെ വിവാഹം ചെയ്തതിനുള്ള പ്രതികാരം

മുംബൈ: വീട്ടുകാരെ എതിർത്ത് കാമുകനെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ അമ്മയും സഹോദരനും ചേർന്നു കഴുത്തറുത്തു കൊന്നു.പത്തൊമ്പതുകാരിയായ ഗർഭിണിയായ യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഞായറാഴ്ചയാണ് സംഭവം. അമ്മ പിടിച്ചു കൊടുത്തപ്പോൾ മകൻ പെൺകുട്ടിയുടെ തലയറുത്തെടുക്കുകയായിരുന്നു. കീർത്തി തോറെ എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പെൺകുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. ജൂണിലാണ് കീർത്തി കാമുകനൊപ്പം ഇറങ്ങിപ്പോയത്. ഇതോടെ വീട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു. എന്നാൽ ഞായറാഴ്ച അനുനയ ചർച്ചയ്ക്കെന്ന പേരിൽ അമ്മയും സഹോദരനും ചേർന്ന് കീർത്തിയും ഭർത്താവും താമസിക്കുന്ന വീട്ടിലെത്തി. രണ്ടുമാസം ഗർഭിണിയായ യുവതി അടുക്കളയിൽ ചായ ഉണ്ടാക്കാൻ പോയ സമയത്ത് പിന്നാലെ എത്തി സഹോദരൻ അരിവാൾ ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. അമ്മയാണ് പിടിച്ചു നിർത്തിക്കൊടുത്തതെന്നു പൊലീസ് പറഞ്ഞു. ഇരുവരേയും അറസ്റ്റ് ചെയ്തു.

മകളുടെ അറുത്തെടുത്ത തല ഉയർത്തിപ്പിടിച്ച് അമ്മയും മകനും ചേർന്ന് സെൽഫിയെടുത്തതായും അയൽവാസികൾക്കു മുന്നിൽ പ്രദർശിപ്പിച്ചതായും പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നു. നിലവിളി കേട്ട് തൊട്ടടുത്ത മുറിയിൽ നിന്ന് എത്തിയ ഭർത്താവിനെയും ഇവർ ആക്രമിച്ചു.