KERALA KOZHIKODE

മിഠായിത്തെരുവിൽ വാഹനഗതാഗതം പുനസ്ഥാപിക്കണം

സിറ്റി പൊലീസ് കമ്മീഷണർക്ക് നിവേദനം സമർപ്പിച്ച് സ്‌മോൾ സ്‌കെയിൽ ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ


കോഴിക്കോട്: ജി.എച്ച് റോഡ് – പാളയം – മൊയ്തീൻ പള്ളി – കോർട്ട് റോഡ് എന്നീ സമീപ മേഖലകളിൽ ഗതാഗത – പാർക്കിംഗ് ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും, ലാൻഡ് വേൾഡ്, കോയൻകോ ബസാർ, ഗ്രാൻഡ് ബസാർ, ചെട്ടിയാർ കോമ്പൗണ്ട്, രാധ കോമ്പൗണ്ട് എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും, മിഠായിത്തെരുവിൽ വാഹനഗതാഗതം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് സ്മാൾ സ്‌കെയിൽ ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ്ജിന് നിവേദനം സമർപ്പിച്ചു.
കിഡ്‌സൺ കോർണർ, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കാത്തതും, മതിയായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താതെ മിഠായിത്തെരുവിലെ വാഹന ഗതാഗതം നിരോധിച്ചതും മൂലമാണ് ആ മേഖലയിലെ വ്യാപാരികളെയും, തൊഴിലാളികളെയും, ഉപഭോക്താക്കളെയും, യാത്രക്കാരെയും പ്രതിസന്ധിയിലാക്കിയത്.
മിഠായിത്തെരുവ് മേഖലയിലെ വാണിജ്യ പ്രതാപം വീണ്ടെടുക്കുന്നതിനും, ബന്ധപ്പെട്ടവരുടെ നിലനിൽപ്പിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് നഗരസഭാ അധികാരികൾക്ക് അസോസിയേഷൻ നൽകിയ നിവേദന പകർപ്പ് കമ്മീഷണർക്ക് കൈമാറി.


മിഠായിതെരുവിലെ സ്ഥാപനങ്ങളിലേക്ക് ചരക്ക് ഇറക്കുന്നതിനും, കയറ്റുന്നതിനും, സാധനം വാങ്ങാൻ വരുന്നവരുടെയും വാഹനങ്ങൾ സമീപ റോഡുകളിലും, മാർക്കറ്റുകളിലും പാർക്ക് ചെയ്യുന്നത് മൂലമാണ് ആ മേഖല മൊത്തത്തിൽ ഗതാഗതക്കുരുക്കിലാവുന്നത്. കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മുൻ കാലങ്ങളിൽ കോഴിക്കോട് വഴി വരുന്ന ശബരിമല തീർഥാടകർ എല്ലാം മിഠായിതെരുവിൽ നിന്നായിരുന്നു ഹലുവയും മറ്റും വാങ്ങിയിരുന്നത.് ഇതുകൊണ്ടൊക്കെ ഉറങ്ങാത്ത തെരുവായിട്ടാണ് മിഠായിത്തൈരുവിനെ ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്നത്.
ജനപ്രതിനിധികളും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും യോജിച്ച് വാഹനഗതാഗതം പുനരാരംഭിക്കുന്നതിന് അനുകൂല തീരുമാനം എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സ്വപ്നിൽ. എം മഹാരാജ് ഐ. പി. എസ് ചർച്ച വേളയിൽ സന്നിദ്ധനായിരുന്നു.
സ്മാൾ സ്‌കെയിൽ ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ രക്ഷാധികാരി ഷെവ. സി. ഇ. ചാക്കുണ്ണി, പ്രസിഡണ്ട് പി. ഹാഷിം, വൈസ് പ്രസിഡണ്ട് കെ. ഹമീദ്, സെക്രട്ടറിമാരായ കെ. സലിം, എം. അബ്ദുറസാഖ്, ഖജാൻജി സി.സി. മനോജ് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *