വടക്കുമ്പാട് – വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡ്: നവീകരണ പ്രവർത്തി ഇഴഞ്ഞു നീങ്ങൽ: കരാറുകാരനെ ഒഴിവാക്കി

പേരാമ്പ്ര -താന്നിക്കണ്ടി റോഡ് കരാറുകാരനെ ഒഴിവാക്കിയതിന് പിന്നാലെ!
പേരാമ്പ്ര: വടക്കുമ്പാട് – വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡിന്റെ നവീകരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത കരാറുകാരനെ പൊതുമരാമത്ത് വകുപ്പ്ഒഴിവാക്കി. പൂർത്തികരിക്കേണ്ട കാലാവധി നീട്ടി നൽകിയിട്ടും പണി പൂർത്തിയാക്കാത്തതിനാൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ശേഷിക്കുന്ന പ്രവർത്തികൾ പൂർത്തികരിക്കാനുള്ള വ്യവസ്ഥയോടെയാണ് കരാറുകാരനെ ഒഴിവാക്കിയത് .
നിശ്ചിത സമയത്ത് പണി പൂർത്തീകരിക്കാത്തതിനാൽ നാല് ലക്ഷം രൂപ കരാറുകാരനിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.പ്രവർത്തികളിൽ അലംഭാവം കാട്ടുന്നവരെ ഒഴിവാക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കർശന നിർദേശം നൽകിയിരുന്നു. കഴിഞ്ഞ മാസമാണ് പേരാമ്പ്ര – താന്നിക്കണ്ടി റോഡ് നിർമ്മാണ കരാറുകാരനെ ഒഴിവാക്കി അതി വേഗത്തിൽ പ്രവർത്തി റീ- ടെണ്ടർ നൽകിയത്.
2019 – മാർച്ച് മാസത്തിൽ ഭരണാനുമതി നൽകിയ വടക്കുമ്പാട് – വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡ് പുനർനിർമ്മാണം ഡിസംമ്പറിലാണ് കരാർ നൽകിയത്.അഞ്ച് കോടി രൂപ ചെലവിൽ 3.300 കി. ലോമീറ്റർ ദൂരം ബി.എം.ആൻറ് ബി.സി. നിലവാരത്തിലാണ് പുനർനിർമ്മിക്കേണ്ടത്. എട്ടു മാസം കൊണ്ട് ജോലികൾ പൂർത്തീകരിക്കണമെന്നായിരുന്നു കരാർ.പ്രവർത്തി തുടങ്ങാൻ തന്നെ താമസിച്ചു. ലോക് ഡൗൺ കണക്കിലെടുത്ത് സമയപരിധി ഈ വർഷം ഏപ്രിൽ വരെ നീട്ടി നൽകിയെങ്കിലും പൂർത്തീകരിച്ചില്ല. തുടർന്നു ജൂലായിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗത്തിൽ ഡിസംമ്പറിനുള്ളിൽ പണികൾ പൂർത്തികരിക്കാൻ അന്ത്യശാസനം നൽകിയിരുന്നു.

തുടർന്നും ജോലികൾ നടത്താത്തതിനെ തുടർന്നാണ് കരാറുകാരനെ ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിങ്ങ് എഞ്ചിനീയർ ഇ.ജി.വിശ്വ പ്രകാശ് ഉത്തരവായത്. 21 മാസം കൊണ്ട് ഒരു ശതമാനം പ്രവർത്തി മാത്രമാണ് പൂർത്തീകരിച്ചത്. വയലുകളുടെ വശങ്ങൾ വീതി കൂട്ടി കരിങ്കൽകെട്ടുന്ന ജോലി മാത്രമാണ് ഒടുവിൽ നടന്നത്. രണ്ടു മാസത്തിലേറെയായി പണികളൊന്നും നടക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് അധികൃതർകർശന നടപടിക്ക് എടുത്തത്.കാസർകോട് സ്വദേശി എം.ടി.ഫായിസ്സാണ് റോഡ്പ്രവർത്തി കരാറെടുത്തിരുന്നത്.