KERALA

വെള്ളാപ്പള്ളിയുടെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തിന് പ്രൗഢഗംഭീരതുടക്കം

ആർ.രവികുമാർ

ചേർത്തല: ഗുരുദർശനങ്ങളെ ലോകത്തെവിടെയും എത്തിക്കാൻ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും നടത്തുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്നും കേരളം ലോകത്തിന് നൽകിയ അതുല്യ ചൈതന്യമാണ് ശ്രാനാരായണ ഗുരുദേവനെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എൻഡിപി യോഗം, എസ്എൻ ട്രസ്റ്റ് നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ച് ചേർത്തല എസ്എൻ കോളേജിൽ സംഘടിപ്പിച്ച ധന്യ സാരഥ്യത്തിൻറെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതാവല്ലാത്ത വെള്ളാപ്പള്ളിയുടെ നേതൃത്വപാടവം മാതൃകയാണ്. കാൽനൂറ്റാണ്ട് നീണ്ട പ്രവർത്തനത്തിലൂടെ വെള്ളാപ്പള്ളി സമുദായത്തിന് നൽകിയ സേവനങ്ങൾ മഹത്തരമാണെന്നും ഗവർണർ പറഞ്ഞു. സംഘടിച്ചു ശക്തരാകുകയെന്ന ഗുരുവിൻറെ ഉപദേശം ശിരസാവഹിച്ച് എസ്എൻഡിപി യോഗത്തെ ശക്തമാക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ തൊഴിൽ വ്യവസായ മേഖലകളെ അഭിവൃദ്ധിയിൽ എത്തിച്ചു. ഇച്ഛാശക്തി ദീർഘവീക്ഷണം കൃത്യനിഷ്ഠ എന്നിവയാണ് അദ്ദേഹത്തിൻറെ സവിശേഷത. ശതാഭിഷിക്തനായ വെള്ളാപ്പള്ളിക്ക് ആയിരം പൂർണചന്ദ്രന്മാരെ കാണുവാൻ ഭാഗ്യം ലഭിക്കട്ടെയെന്നും ഗവർണർ ആശംസിച്ചു.
കേരളത്തിൻറെ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച സംഘടനയാണ് എസ്എൻഡിപി യോഗമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടിലെ ബഹുഭൂരിപക്ഷത്തിനും മനുഷ്യനെ പോലെ ജീവിക്കാൻ കഴിയാതിരുന്ന കാലഘട്ടത്തിൽ എല്ലാവരെയും ഒരുപോലെ ഐക്യത്തിലേക്ക് നയിക്കാൻ ഗുരുദേവൻ നടത്തിയ നവോത്ഥാനപ്രവർത്തനങ്ങൾ ഗുണകരമായി. ഗുരുദേവനെ ഏതെങ്കിലും ചട്ടക്കൂടിൽ ഒതുക്കി നിർത്താനാകില്ല. ഗുരു സ്ഥാപിച്ച എസ്എൻഡിപി യോഗത്തിൻറെ തുടർപ്രവർത്തനങ്ങൾ നാടിന്റെ നേട്ടത്തിന് കാരണമായി. യോഗ നേതൃത്വത്തിൽ വെള്ളാപ്പള്ളി 25 വർഷം പൂർത്തിയാക്കിയത് അസുലഭമായ അനുഭവമാണ്. ശ്രീനാരായണ പരിപാലനത്തിൻറെ ഭാഗമായി ചിന്തിക്കേണ്ട എല്ലാ വിഷയങ്ങളിലേക്കും വെള്ളാപ്പള്ളി കടന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കൃത്യമായി പൂർത്തിയാക്കുന്ന ചടുലമായ പ്രവർത്തനങ്ങളാണ് എസ്എൻഡിപി യോഗത്തിൻറെ അടിത്തറ വിപുലമാകുന്നതിന് കാരണമായത്.നിലപാടിലെ ചടുലതയും വ്യക്തതയും നൽകുന്ന ഊർജം ഒപ്പമുള്ളവർക്കും പകർന്നുകൊടുക്കുന്നതാണ് വെള്ളാപ്പള്ളിയുടെ വിജയരഹസ്യമെന്നും മുഖ്യമന്തി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ നിർണായക സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് എസ്എൻഡിപിയെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സാമൂഹ്യനീതിക്ക് വേണ്ടി നിലയ്ക്കാത്ത ശബ്ദമാണ് യോഗത്തിൻറെ നാവിലൂടെ പുറത്തു വരുന്നതെന്നും കേരളീയ പൊതുസമൂഹത്തിൽ അത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ സമുദായത്തിനായി ചെയ്യേണ്ടതുണ്ട്. മുന്നോട്ടുള്ള യാത്രയിൽ ഈ ഒത്തുചേരൽ ആശയും ആവേശവും പകരുന്നതാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കൃഷി മന്ത്രി പി. പ്രസാദ്,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, യോഗം പ്രസിഡൻറ് ഡോ.എം.എൻ. സോമൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, സ്വാഗത സംഘം ജനറൽ കൺവീനർ അരയാക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *