‘വീട് നിറയെ അവളുടെ ചിരിയാണ്, വിടരും മുമ്പ് കൊഴിഞ്ഞ പൂവ്’; മകളുടെ ഓർമയിൽ ശ്രീദേവി

മലയാള സിനിമയുടെ തീരാനഷ്ടമാണ് നടി മോനിഷയുടെ മരണം. ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടത്തിലാണ് മോനിഷ മരിക്കുന്നത്.

ഓർമ്മകൾ മാത്രം ബാക്കിയാക്കി ആ കലാകാരി അതിവേഗം മലയാള സിനിമയിൽ നിന്നും കടന്നുപോയി. മോനിഷയ്ക്ക് പകരമാകാൻ ഇന്നേവരെ മറ്റൊരു നടിയും മലയാളത്തിൽ ഉണ്ടായിട്ടില്ല. മോനിഷയുടെ വിടർന്ന കണ്ണുകളാണ് ഏവരേയും ആദ്യം ആകർഷിക്കുക. നൃത്തവും പാട്ടും അഭിനയവും തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ. ആദ്യ സിനിമയ്ക്ക് തന്നെ ഉർവ്വശി പട്ടം സ്വന്തമാക്കിയത് മുതൽ തുടങ്ങുന്നു 27ഓളം ചിത്രങ്ങളിൽ അഭിനയിച്ച മോനിഷയുടെ സിനിമാ രംഗത്തെ നേട്ടങ്ങൾ.

സിനിമയുടെ ഷൂട്ടിനായി പോകുന്നതിനിടെയായിരുന്നു ചേർത്തലയിൽ വെച്ചുണ്ടായ കാറപകടത്തിൽ മോനിഷ മരിച്ചത്. മകൾ ജീവിച്ചിരുന്ന 22 വർഷവും അവൾക്ക് നിഴലായി കൂട്ടുകാരിയായി അവളോടൊപ്പം എപ്പോഴും അമ്മ ശ്രീദേവി ഉണ്ണിയുണ്ടായിരുന്നു. മോനിഷ അഭിനയിച്ച സിനിമകൾ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. 1986ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്ക്ക ലഭിക്കുന്നത്. അന്ന് വെറും 15 വയസ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയ ഏക താരവുമാണ് മോനിഷ.

അവസാനമായുള്ള കാർ യാത്രയിൽ അമ്മയുടെ മടിയിൽ തലവെച്ച് ഉറങ്ങുകയായിരുന്നു മോനിഷ. ഇപ്പോഴും അവൾ മടിയിൽ കിടക്കുന്ന പോലെ അനുഭവപ്പെടാറുണ്ട് എന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്.



‘മോൾ പോയിട്ട് വർഷങ്ങളായി. എന്റെ മനസിൽ അവൾക്കിന്നും ഇരുപത്തൊന്ന് വയസാണ്. അവളുമൊത്താഘോഷിച്ച എല്ലാ വിശേഷ ദിവസങ്ങളും ഇന്നലെയെന്ന പോലെ ഓർമകളാണ്. ഈ വീട്ടിലിപ്പോഴും അവളുടെ കിലുകിലും ചിരി കേൾക്കാറുണ്ട്. വീട് നിറഞ്ഞിരുന്നൊരു പെൺകിടാവായിരുന്നു മോനിഷ. ഞങ്ങളുടെ ഐശ്വര്യം. അവളിപ്പോൾ ഉണ്ടായിരുന്നെങ്കിൽ… നാൽപത്തൊമ്ബത് വയസുണ്ടായിരുന്നേനെ… എല്ലാ കൊല്ലവും മോൾക്കാി മുടങ്ങാതെ ഞാൻ കണിയൊരുക്കും. രാവിലെ വിളക്ക് കൊളുത്തി അവളെ വിളിക്കും. പരിഭവമെല്ലാം മറന്ന് അവൾ കണി കാണുന്നത് ഞാൻ ധ്യാനിക്കും. അപകടം നടക്കുമ്‌ബോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണർന്നില്ല.മോനിഷ എപ്പോഴും എന്റെ മടിയിൽ ഇങ്ങനെ കിടക്കുകയാണ് എന്നാണ് എന്റെ വിചാരം. അങ്ങനെ ആണെങ്കിൽ ആ ഊഷ്മളതയും ചൂടും അല്ലെ എന്റെ നെഞ്ചിലേക്ക് വരുന്നത്…’ ശ്രീദേവി ഉണ്ണി പറയുന്നു.

‘കാറിൽ യാത്ര ചെയ്യുമ്പോൾ പുറത്തേയ്ക്ക് തുറിച്ച് നോക്കി ഇരിക്കുമായിരുന്നു. എന്താണ് നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് എന്റെ കണ്ണുകൾ ദാനം ചെയ്യണം അമ്മേ… എന്ന് പറയുമായിരുന്നു. എന്നാൽ എനിക്ക് അത് കേൾക്കുമ്പോൾ ദേഷ്യം വരും. എന്നോട് ഇങ്ങനെ ഒന്നും പറയരുതെന്ന് പറഞ്ഞാൽ അപ്പോൾ ചിരിച്ചുകൊണ്ട് പറയും….. അല്ലെങ്കിൽ അത് വേസ്റ്റ് ആകും അമ്മ എന്ന്’ ശ്രീദേവി ഉണ്ണി പറയുന്നു.