KERALA Second Banner TOP NEWS

കിഴക്കോട്ട് നോക്കി പഠിച്ചാൽ കൂടുതൽ മാർക്ക് കിട്ടുമോ?
മുൻ ഡിജിപിയുടെ വാദം കള്ളമെന്ന് പന്ത്രണ്ടാം ക്ലാസ്സുകാരൻ

തിരുവനന്തപുരം: ഹാർവാർഡ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് ലഭിച്ചെന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വാദത്തെ പൊളിച്ചടുക്കി 12-ാം ക്ലാസ് വിദ്യാർഥി.
കൊല്ലം കാരംകോട് വിമല സെൻട്രൽ സ്‌കൂൾ വിദ്യാർഥി അഭിറാം അരുണാണ് മുൻ ഡിജിപിയുടെ വാദം ഹാർവാർഡ് യൂണിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെട്ട് തകർത്തത്.
അലക്സാണ്ടർ ജേക്കബ് പറഞ്ഞത്: ”ഏതാനും വർഷം മുൻപ്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ പണിയുകയും അതിൽ പല ദിശകളിൽ കുട്ടികൾ ഇരുന്ന് പഠിക്കുകയും ചെയ്തു. എന്നാൽ പരീക്ഷ കഴിഞ്ഞ് ഫലം വന്നപ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികൾക്ക് മറ്റു ദിശകളിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്ക് ലഭിക്കുകയും, മറ്റുള്ളവർക്ക് മാർക്ക് മുൻപത്തേക്കാൾ വളരെ കുറയുകയും ചെയ്തു. അതിനുശേഷം ഹാർവാർഡിലെ മറ്റു ദിശകളിലേക്ക് നോക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കുകയും, കിഴക്ക് ഭാഗത്ത് മുഖം വരുന്ന രീതിയിൽ പുതുക്കി പണിയുകയും ചെയ്തു.”
ഈ പരാമർശങ്ങളിൽ സംശയം തോന്നിയപ്പോൾ അധ്യാപികയ്ക്ക് പരാമർശങ്ങൾ അടങ്ങിയ വീഡിയോ അയച്ചു കൊടുത്തെന്നും എന്നാൽ വലിയ സ്ഥാനത്തിരുന്ന ഒരാൾ വെറുതെ കഥ പറയില്ലെന്നായിരുന്നു അധ്യാപികയുടെ മറുപടിയെന്നും അഭിറാം പറഞ്ഞു. എങ്കിലും സംശയം തീരാത്തത് കൊണ്ട് താൻ ഹാർവാർഡ് യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ടെന്നും അങ്ങനെയൊരു സംഭവം യൂണിവേഴ്സിറ്റിയിൽ നടന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തെന്ന് അഭിറാം പറഞ്ഞു. ശാസ്ത്രകേരളം മാഗസിനിൽ ഒരു ഹാർവാർഡ് അപാരത എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് അഭിറാം ഇക്കാര്യം പറഞ്ഞത്.
ലേഖനത്തിന്റെ പൂർണരൂപം: ഒരു ദിവസം ഇൻസ്റ്റഗ്രാമിൽ കേരളത്തിലെ ഒരു മുൻ ഡിജിപിയുടെ പ്രഭാഷണം കണ്ടു. അതിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏതാനും വർഷം മുൻപ്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ പണിയുകയും അതിൽ പല ദിശകളിൽ കുട്ടികൾ ഇരുന്ന് പഠിക്കുകയും ചെയ്തുവെന്നും പരീക്ഷ കഴിഞ്ഞ് ഫലം വന്നപ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികൾക്ക് മറ്റു ദിശകളിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്ക് ലഭിക്കുകയും, മറ്റുള്ളവർക്ക് മാർക്ക് മുൻപത്തേക്കാൾ വളരെ കുറയുകയും ചെയ്യു എന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷം ഹാർവാർഡിലെ മറ്റു ദിശ കളിലേക്ക് നോക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കുകയും, കിഴക്ക് ഭാഗത്ത് മുഖം വരുന്ന രീതിയിൽ പുതുക്കി പണിയുകയും ചെയ്തുവത്രേ. കൂടാതെ കിഴക്ക് ദിശ നോക്കി പഠിക്കുന്നതിന്റെ ഗുണ ങ്ങളെപ്പറ്റി അദ്ദേഹത്തിന്റേതായ കുറച്ച് ശാസ്ത്രീയ വിശദീകരണങ്ങളും കേട്ടു. ഈ വീഡിയോ കണ്ടപ്പോൾ എനിക്കാകെ കൺഫ്യൂഷനായി.
ഞാനും സുഹൃത്ത് ഉസ്മാൻ അഹമ്മദും ചേർന്ന് ഗൂഗിളിലും ഹാർവാർഡ് യൂണിവേഴ്സിറ്റി സൈറ്റിലുമൊക്കെ തിരഞ്ഞിട്ടും തപ്പി നോക്കിയിട്ടും അങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഒന്നും കണ്ടില്ല. ഞാൻ ഈ വീഡിയോ എന്റെ ഒരു ടീച്ചർക്ക് അയച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും സത്യാവസ്ഥ കാണുമെന്നും ഇത് വലിയ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരു പൊതുവേദിയിൽ വെറുതെ ഒരു കഥ പറയില്ലെന്നുമായിരുന്നു ടീച്ചറുടെ അഭിപ്രായം.
അത് ശരിയാവാൻ ഒരു സാധ്യതയുമില്ലെന്ന് തന്നെ ഞങ്ങൾക്ക് തോന്നി. പക്ഷെ എങ്ങനെ ഉറപ്പിക്കും. ആരോട് ചോദിക്കും. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ ഹാർവാർഡ് യൂണി വേഴ്സിറ്റിയുടെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന് അതറിയാതിരിക്കാൻ വഴിയില്ലെന്നു തോന്നി. അങ്ങനെ അവരുടെ ഇമെയിൽ സംഘടിപ്പിച്ച് കത്തയച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നാണ് അന്വേഷിച്ചത്. ഒരു മാസമൊക്കെ കഴിയുമ്‌ബോ മറുപടി കിട്ടുമായിരിക്കുമെന്നു പ്രതീക്ഷിച്ച ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേ ദിവസം തന്നെ മറുപടി വന്നു.
അവർക്ക് അങ്ങനെ ഒരു സംഭവം നടന്നതിനെ കുറിച്ച് യാതൊരറിവും ഇല്ലെന്നും അവരുടെ ഡാറ്റാബേസിൽ അങ്ങനെ ഒരു പഠനത്തെക്കുറിച്ച് യാതൊരു രേഖയും ഇല്ലെന്നും പറഞ്ഞു. വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റിൽ ഇല്ലെന്ന് മാത്രമല്ല പഴക്കം ചെന്നാലും കെട്ടിടങ്ങൾ സംരക്ഷിക്കുന്നതല്ലാതെ കെട്ടിടങ്ങൾ പൊളിച്ചുകളയുന്ന രീതി ഹാർവാർഡിലില്ലെന്നും അവർ വ്യക്തമാക്കി. കൂടാതെ ഹാർവാർഡിൽ എല്ലാ ദിശകളിലേക്കും മുഖമുള്ള കെട്ടിടങ്ങൾ ഉണ്ടെന്നും അതിലെല്ലാം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും അറിയിച്ചു.
ഞങ്ങൾക്ക് സന്തോഷമായി. ഇമെയിൽ അയച്ചുകൊടുത്തപ്പോൾ ടീച്ചർക്കും സന്തോഷമായി. എത്ര വലിയ സ്ഥാനത്തുള്ള ആളാണ് പറയുന്നതെങ്കിലും കേൾക്കുന്നതല്ലാം കണ്ണടച്ചങ്ങ് വിശ്വസിക്കരുതെന്ന് കൂട്ടുകാർക്കും മനസിലായല്ലോ അല്ലേ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *