തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്;
മമ്പറം ദിവാകരന്റെ പാനലിലെ മുഴുവൻ പേരും തോറ്റു

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്. മമ്പറം ദിവാകരന്റെ പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു.
29 വർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രിയുടെ തലപ്പത്തുനിന്ന് പടിയിറങ്ങുമ്പോൾ കെ. സുധാകരന്റെ രാഷ്ട്രീയ വിജയം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെ.പി.സി.സി പ്രഖ്യാപനത്തിന്റെ പരീക്ഷണശാലയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വർഷങ്ങളായി പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ. സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.
സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ. സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കർശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടി.
മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ വച്ചായിരുന്നു വോട്ടിങ്. രാവിലെ പത്തു മുതൽ വൈകീട്ട് നാലു വരെയായിരുന്നു വോട്ടിങ് നിശ്ചയിച്ചിരുന്നതെങ്കിലും 6.30 വരെ നടപടികൾ തുടർന്നു. ഏതാണ്ട് 1700 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ആശുപത്രി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശത്തിന് വഴങ്ങാത്തതിനാണ് മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്നു പുറത്താക്കിയത്. ഇതേ തുടർന്നാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പനൽ രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചതു മുതൽ, ആശുപത്രി പ്രസിഡൻറ് കൂടിയായ ദിവാകരനുമായി പലതവണ പാർട്ടി സമവായ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് നൽകുന്ന ലിസ്റ്റിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ ലിസ്റ്റ് തള്ളി സ്വന്തം പാനലിൽ നിന്നുള്ളവരെ മത്സരിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.