കൊറോണ വാക്‌സിൻ വർഷം തോറും എടുക്കേണ്ടി വരുമെന്ന് ഫൈസർ

വാഷിംഗ്ടൺ: കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിൻ എല്ലാ വർഷവും എടുക്കേണ്ടി വരുമെന്ന് വാക്സിൻ നിർമ്മാണ കമ്പനിയായ ഫൈസർ.ഉയർന്ന പ്രതിരോധ ശേഷിക്കും സംരക്ഷണം നൽകാനും വർഷം തോറും കൊറോണ വാക്സിൻ അനിവാര്യമായി തീരുമെന്ന് ഫൈസർ മേധാവി ആൽബർട്ട് ബോറുല വ്യക്തമാക്കി.

വാക്സിനുകൾ ഇല്ലെങ്കിൽ സമൂഹത്തിന്റെ അടിസ്ഥാന ഘടന തന്നെ അപകടത്തിലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് കൊറോണ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വാക്സിൻ സംഭരണം ഇതിനോടകം ആരംഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. ഒമൈക്രോൺ സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ ബൂസ്റ്റർ ഡോസുകൾക്കായി യുകെ അടക്കമുള്ള രാജ്യങ്ങൾ ലക്ഷക്കണക്കിന് ഡോസ് വാക്സിനായി ഓർഡർ തന്നിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി.
ഫൈസറിന്റെ വാദം അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയും ശരിവെച്ചു.
ഇതുവരെ മനസിലാക്കിയതും കണ്ടതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വർഷം തോറും വാക്സിൻ വേണമെന്ന് താൻ പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒമൈക്രോൺ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്നും പരിഷ്‌ക്കരിച്ച വാക്സിനായുള്ള ഗവേഷണം ഇതിനോടകം തന്നെ ആരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു.