KOZHIKODE

മിഠായിത്തെരുവിൽ വാഹനഗതാഗതം അനുവദിക്കണം;
ബേബി ബസാറിലെ വെള്ളക്കെട്ട് ഒഴിവാക്കണം

മിഠായിത്തെരുവിന്റെ നഷ്ടപ്പെട്ട വാണിജ്യ പ്രതാപം വീണ്ടെടുക്കുന്നതിന് നഗരസഭ അധികാരികളുമായി സ്മാൾ സ്‌കെയിൽ ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ ചർച്ച നടത്തി

കോഴിക്കോട്: കെട്ടിടങ്ങൾക്ക് മുൻകാലപ്രാബല്യത്തോടെ ചുമത്തിയ നികുതി ഒഴിവാക്കുക, മൊയ്തീൻ പള്ളി റോഡ് മേഖലയിൽ പ്രത്യേകിച്ച് ബേബി ബസാറിലെ അഴുക്കു ജലം കെട്ടി നിൽക്കുന്നത് ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുക, മിഠായിത്തെരുവിലെ വാഹനഗതാഗതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോക്ടർ ജയശ്രീ, വാർഡ് കൗൺസിലർ എസ്. കെ. അബൂബക്കർ, നഗരസഭ സെക്രട്ടറി കെ. യൂ. ബീന എന്നിവർക്ക് സ്മാൾ സ്‌കെയിൽ ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ നിവേദനം നൽകി ചർച്ച നടത്തി. കെട്ടിട നികുതിയുടെ 10% സെസ് ആണെന്നും അത് സർക്കാർ തീരുമാനമാണെന്നും ഒഴിവാക്കാൻ നഗരസഭയ്ക്ക് ആവില്ലെന്നും സെക്രട്ടറി ബിൽഡിങ് ഓണേഴ്‌സ് ഭാരവാഹികളെ അറിയിച്ചു. മിഠായിത്തെരുവിലെ വാഹനഗതാഗതം നഗരസഭയ്ക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയുന്നതല്ലെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും, മൊയ്തീൻ പള്ളി റോഡ്, ബേബി ബസാർ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പരിശോധിച്ച് നടപടിയെടുക്കുമെന്നും ചർച്ചയിൽ ഭാരവാഹികളെ അറിയിച്ചു.

ബേബി ബസാറിലെ വെള്ളക്കെട്ട്‌

സ്മാൾ സ്‌കെയിൽ ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ രക്ഷാധികാരി ഷെവലിയർ സി. ഇ. ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് കെ ഹമീദ്, സെക്രട്ടറിമാരായ കെ. സലീം, എം അബ്ദുൽ റസാഖ് എന്നിവരാണ് നഗരസഭ അധികാരികളുമായി ചർച്ച നടത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *