ഇന്ന് തൃപ്രയാർ ഏകാദശി;
ശ്രീരാമ ഭഗവാനെ തൊഴാൻ ഇന്ന് ഭക്തജനാവലിയെത്തും

ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ തൊഴുതു പ്രാർഥിച്ചാൽ സകല ദുരിതങ്ങളും ദാരിദ്ര്യവും നീങ്ങുമെന്നാണ് വിശ്വാസം.

തൃപ്രയാർ:കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ മര്യാദാപുരുഷോത്തമൻ ശ്രീരാമൻ ധരദൂഷണ ദൃശിരസുക്കളെയും സൈന്യത്തെയും വധിച്ചതിനു ശേഷം അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആറടിയിലധികം ഉയരം വരുന്ന അഞ്ജന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി തൃപ്രയാറപ്പൻ കുടികൊള്ളുന്നു. ഐശ്വര്യദേവതയായ ലക്ഷമീദേവിയെയും സർവ്വംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.

വൃശ്ചികത്തിലെ കറുത്തപക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്ന് അറിയപ്പെടുന്നു . ഈ വർഷം ഇന്നാണ് തൃപ്രയാർ ഏകാദശി ആഘോഷം. തൃശ്ശൂർ ജില്ലയിൽ തൃപ്രയാറിൽ തീവ്രാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. തൃപ്പയാറപ്പന്റെ ശൈവചൈതന്യം മൂലമാണ് ഇവിടെ കറുത്തപക്ഷ ഏകാദശിക്കു പ്രാമുഖ്യം നൽകുന്നത്. ത്രിമൂർത്തീചൈതന്യം നിറഞ്ഞ ദേവനാണ് തൃപ്രയാറപ്പൻ. ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ തൊഴുതു പ്രാർഥിച്ചാൽ സകല ദുരിതങ്ങളും ദാരിദ്ര്യവും നീങ്ങുമെന്നാണ് വിശ്വാസം.
ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യദർശനം വളരെ വിശിഷ്ടവും പുണ്യദായകവുമാണ്. ഗുരുവായൂരിൽ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും ആഘോഷിക്കുന്നത് . ഈ ദിവസം രാത്രിയിൽ ഭഗവാന് ദ്വാദശിസമർപ്പണവുമുണ്ട്. ഇന്ന് ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയർപ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. ഇന്നലെ നടന്ന പ്രധാന ചടങ്ങാണ് ദശമിവിളക്ക്. അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമനുപകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തൃപ്രയാർ തേവർക്കാണ് സമർപ്പിക്കുന്നത്.
പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്. 10, 101, 1001 എന്നീ ക്രമത്തിലാണ് വഴിപാട്.
ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ചെത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തപ്പെടുന്നത്.
ശ്വാസസംബന്ധമായ അസുഖങ്ങൾ മാറുവാൻ മീനൂട്ട് വഴിപാട് ഉത്തമമെന്നാണ് വിശ്വാസം. ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് ഉത്തമ ഔഷധമാണെന്നാണ് വിശ്വാസം. ശ്രീരാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻ സ്വാമിയുടെ സാമീപ്യം ഉണ്ടാവുമത്രെ. ക്ഷേത്രത്തിൽ ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠയില്ലെങ്കിലും ഹനുമാൻപ്രീതിക്കും സർവാഭീഷ്ട സിദ്ധിക്കായും നിത്യേന സുന്ദരകാണ്ഡ പാരായണവും അവൽ നിവേദ്യവും സമർപ്പിക്കാറുണ്ട് അമ്പലത്തിൽ.
എത്തും