INDIA Main Banner TOP NEWS

ഒമൈക്രോൺ ഭീതിയിൽ ലോകം;
വീണ്ടും അടച്ചുപൂട്ടലിലേക്കോ?
ഗൾഫിൽ യാത്രാവിലക്ക്; എണ്ണവില കുത്തനെ ഇടിഞ്ഞു

ദുബായ്: ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തുന്നു. പല രാജ്യങ്ങളും ആഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങി.
ഗൾഫ് രാജ്യങ്ങൾ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവയ്ക്കാൻ യുഎഇ തീരുമാനിച്ചു. സൗദി അറേബ്യയും ബഹ്റൈനും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്.
വിപണികൾ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിലാണ് ലോകം. ഇതിന്റെ പ്രതിഫലനമെന്നോളം എണ്ണവില കുത്തനെ ഇടിഞ്ഞു. പുതിയ കൊവിഡ് വകഭേദത്തിന് ഒമൈക്രോൺ എന്നാണ് ലോകാരോഗ്യ സംഘടന പേരിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക, നമീബിയ, ബോത്സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് യുഎഇ വിലക്കേർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതലാണ് വിലക്ക് നിലവിൽ വരിക. ഇപ്പോൾ യാത്രകൾ കുറച്ചിരിക്കുകയാണ്. എന്നാൽ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്ക് യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് പോകാൻ ഇപ്പോൾ അവസരമുണ്ടാകും. തിങ്കളാഴ്ച മുതൽ ഈ അവസരവും നിലയ്ക്കും.
ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പുതിയ ബുക്കിങ് സ്വീകരിക്കില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു. സ്വാഭാവികമായും മറ്റു വിമാന കമ്പനികളും സർവീസ് നടത്തില്ല. നേരത്തെ ബുക്ക് ചെയ്തവർക്ക് ഞായറാഴ്ച രാത്രി വരെ യാത്ര സാധ്യമാകും. അത് കഴിഞ്ഞ് യാത്ര ബുക്ക് ചെയ്തവർ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ സർവീസ് ഉണ്ടാകില്ല എന്നാണ് എമിറേറ്റ്സ് അറിയിച്ചത്.
ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഒമൈക്രോൺ എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് നൽകിയ പേര്. നിലവിലെ വാക്സിനുകൾ ഒമൈക്രോണിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണോ എന്ന് വ്യക്തമല്ല. ബി.1.1.529 എന്നതാണ് പുതിയ കൊവിഡ് വകഭേദം.
ഹോങ്കോങിലും ഒമൈക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആഫ്രിക്കയിൽ നിന്ന് വരുന്നവർക്ക് കർശനമായ വൈദ്യ പരിശോധന നടത്തുണ്ട്. രോഗ സംശയമുള്ളവർക്ക് യാത്ര അനുവദിക്കുന്നില്ല. ലോകം വീണ്ടും കൊവിഡ് വ്യാപനത്തിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക.
അതിനിടെ അതിർത്തികൾ അടയ്ക്കുമെന്ന് ഗൾഫ്, യൂറോപ്പ് രാജ്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബാരലിന് 10 ഡോളറാണ് താഴ്ന്നത്. 2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമാണ്. പല രാജ്യങ്ങളും വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ ആർക്കും ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

കേരളത്തിലും അതീവ ജാഗ്രത; കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പുതിയ വകഭേദം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്. എയർപോർട്ട് സർവൈലൻസ് ശക്തമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ഇതനുസരിച്ചിട്ടുള്ള ജാഗ്രതാ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തിയശേഷമാണ് വിദേശരാജ്യത്തു നിന്നും യാത്രക്കാർ നാട്ടിലെത്തുന്നത്. എന്നാൽ നാട്ടിലെത്തിയശേഷവും ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണം. കൂടാതെ കേന്ദ്ര നിർദേശപ്രകാരമുള്ള കർശന ക്വാറന്റീൻ മാനദണ്ഡങ്ങളും പാലിക്കണം. ഇത് ശക്തമായി നടപ്പാക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ആശങ്കാജനകമായ വകഭേദമാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *