ഇതുപോലൊരു ദേശീയ പതാക മറ്റാരും നെയ്‌തെടുത്തിട്ടുണ്ടാവില്ല;

ചന്ദ്രൻ പനയറക്കുന്ന്
ഖാദി നൂൽ ഊടും പാവുമാക്കി ഖാദി കൈത്തറി മേഖലയിൽ പുത്തൻ ഉണർവ്വേകി ഗാന്ധിയൻ ദേശീയപതാക നെയ്യുകയാണ് അയ്യപ്പൻ എന്ന വീവിംഗ് മാസ്റ്റർ. ഒൻപതാം വയസ്സിൽ നെയ്തുകാരനായി ജീവിതമാരംഭിച്ച രാമപുരം ഇടവഴിത്തല രവീണ ഭവനിലെ അയ്യപ്പൻ എന്ന എഴുപത്തിയൊന്നുകാരൻ തന്റെ ചിരകാലാഭിലാഷം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് ഇപ്പോൾ.
കൈത്തറിയുടെ തറവാടായ ബാലരാമപുരത്ത് കുഴിത്തറിയിൽ നിന്നും നെയ്തു പഠിച്ച് നെയ്തുകാരനായതിനു ശേഷം രാഷ്ട്രപിതാവായ ഗാന്ധിജിയുടെ കഥകൾ കേട്ടും ചർക്കയിൽ നൂൽ നൂക്കുന്ന ഗാന്ധിജിയുടെ ചിത്രം കണ്ടും ആകൃഷ്ടനായാണ് ഖാദി നെയ്തിലേക്ക് തിരിയുന്നത്. അന്നു മുതൽ താൻ നെയ്‌തെടുക്കുന്ന തുണിയിൽ തന്നെ ഷർട്ടുകൾ തുന്നി ഉപയോഗിച്ചും താൻ നെയ്‌തെടുക്കുന്ന ഖാദി മുണ്ടുകൾ ഉപയോഗിച്ചുമാണ് ജീവിതവും. നെയ്ത് മേഖലയിൽ ഒരു തറിക്ക് കുറ്റി വയ്ക്കുന്നതുമുതൽ താരു് ചുറ്റ്, പാവോട്ടം പാവുണക്ക് ,തോണ്ടിയേറ്റ്, പാവ് ഞെരട്ട് തുടങ്ങി ഒരു കൈത്തറി മുണ്ട് രൂപപ്പെടുത്തിയെടുക്കുന്നതു വരെയുള്ള സകലതും അഭ്യസിച്ച് വീവിംഗ് മാസ്റ്ററായി ജോലി നോക്കുമ്പോഴും ഗാന്ധി പ്രേമത്തിലലിഞ്ഞ് ഒരു ഗാന്ധിയൻ ദേശീയപതാക നെയ്‌തെടുക്കാനുള്ള മോഹമുള്ളിലൊതുക്കിയായിരുന്നു നെയ്ത് ജീവിതം. അതും മൂന്ന് കളർ തുണികൾ തുന്നിച്ചേർക്കാതെ ഇരുവശങ്ങളിലും അശോക ചക്രം ഒരുപോലെ വരത്തക്കവണ്ണം നെയ്‌തെടുക്കണമെന്നായിരുന്നു മോഹം.ആ മോഹമാണിപ്പോൾ അയ്യപ്പൻ സാക്ഷാത്കരിച്ചിരിക്കുന്നത്.

ആദ്യം ദേശീയപതാക വാങ്ങി കൃത്യമായ നീളവും വീതിയും കുറിച്ച് തിട്ടപ്പെടുത്തി. പിന്നെ അതിനനുസരിച്ച് ഒരു കൈത്തറിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങി.തറിക്കാവശ്യമായ തടിയുരുപ്പടികൾ വാങ്ങി നിർദ്ദിഷ്ട അളവിലും സൈസിലും പണിതെടുത്തു.തുടർന്ന് കൊടിക്കാവശ്യമായ വീതിയിൽ ഉപയോഗിക്കുന്നതിന് മുളയിൽ അച്ച് പണിതീർപ്പിച്ചു. അതിനനുയോജ്യമായ രീതിയിൽ വിഴുത്, മുളയിൽ തന്നെ നെയ്യുന്നതിനുള്ള ഓടങ്ങൾ എല്ലാം തരപ്പെടുത്തിയതും തന്റെ സ്വന്തം ചെലവിൽ അയ്യപ്പൻ തന്നെയാണ്.

മുളയിൽ പണിതീർത്ത ഓടങ്ങളിൽ ഓരോ കളർ നൂലും പാവിലൂടെ കൈ കൊണ്ട് കോർത്തെടുത്താണ് നെയ്യുന്നത്.കൊടിയുടെ മധ്യഭാഗത്ത് പശപിടിപ്പിച്ച് തടിയിൽ തീർത്ത അശോക ചക്രത്തിന്റെ അച്ച് പതിപ്പിക്കും. ആ അടയാളത്തിനിടയിലൂടെയുo ഓടത്തിനെ കൈ കൊണ്ട് കോർത്തു തന്നെയാണ് അശോക ചക്രവും നെയ്യുന്നത്. നിലവിലെ ദേശീയപതാക മൂന്നു കളർ തുണികൾ തുന്നിച്ചേർത്ത് അതിൽ മധ്യഭാഗത്ത് അശോക ചക്രം മഷിയിൽ പ്രിൻറ് ചെയ്യുകയാണ് ചെയ്യുന്നത്. അതു കൊണ്ട് അകവും പുറവും ഉണ്ടാകും. പക്ഷേ, ഇവിടെ ഒരൊറ്റത്തുണിയിലാണ് ദേശീയപതാക പിറവിയെടുക്കുന്നത്. അത്രയും സുഷ്മതയോടും ക്ഷമയോടും ശ്രദ്ധയോടും മാത്രമേ നെയ്യാൻ സാധിക്കുകയുള്ളൂ. മാത്രവുമല്ല നിയമാനുസരണ നീളത്തിലും വീതിയിലും ഒരു ത്രിവർണ്ണ ദേശീയ പതാക നെയ്‌തെടുക്കുന്നതിന് 56 മണിക്കൂറെങ്കിലും വേണ്ടിവരും. ഒരു ദിവസം 8 മണിക്കൂർ വീതം സൂഷ്മതയോടെ മുഷിഞ്ഞ് നെയ്താൽ 7 ദിവസം വേണ്ടിവരും എന്നർത്ഥം. ഒരു പതാകയ്ക്ക് 1000 മീറ്റർ വീതം നീളമുള്ള 13 കഴി നൂല് വേണമെന്നും അയ്യപ്പൻ പറഞ്ഞു.
ഇൻഡ്യയിൽ ഒരു സംസ്ഥാനത്തും ഇത്തരത്തിൽ ഒരു ദേശീയപതാക ഇന്നുവരെ ആരും നെയ്‌തെടുത്തിട്ടില്ല എന്നാണ് അയ്യപ്പൻ പറയുന്നത്. ഈ ഗാന്ധിയൻ ദേശീയപതാക ഖാദി ബോർഡ് ഏറ്റെടുത്ത് രാഷ്ട്രം അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് ഈ നെയ്തുകാരൻ. രാഷ്ട്രപിതാവിന്റെ ആത്മാവ് നിറഞ്ഞു നിൽക്കുന്ന പതാക രാഷ്ട്രം അംഗീകരിച്ചാൽ രാഷ്ട്രപിതാവിന്റെ അഭിലാഷം പൂർത്തീകരിക്കുമെന്ന വിശ്വാസവുമാണ് അയ്യപ്പനുള്ളത്.
ഇൻഡ്യയിൽ എവിടെ വേണമെങ്കിലും കൈത്തറി പ്രദർശിപ്പിച്ച് പതാക നെയ്ത് കാണിക്കാമെന്നും പതാക നിർമ്മാണത്തിന് പരിശീലനം നൽകാൻ തയ്യാറാണെന്നും കോട്ടൂർ സർവ്വോദയ സംഘത്തിലും നെയ്യാറ്റിൻകര ലോകസേവ ട്രസ്റ്റ് മാധവി മന്ദിരത്തിലും വീവിംഗ് മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള അയ്യപ്പൻ പറഞ്ഞു. സാധാരണ പണിശാലകളിൽ വിളക്ക് തെളിക്കുന്നതിന് ദൈവങ്ങളുടെ ചിത്രങ്ങളാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ അയ്യപ്പൻ തന്റെ നെയ്തു ശാലയിൽ ഗാന്ധിജി ചർക്കയിൽ നൂൽ നൂൽക്കുന്ന ചിത്രം തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്.