ചെം തുറയുടെ പെരുമയിൽ ചെന്ത്രാപ്പിന്നി;
കലയും സാഹിത്യവും വെളിച്ചം വിതറുന്ന ദേശം

എന്റെ ഗ്രാമം
എണ്ണമറ്റ സുന്ദരഗ്രാമങ്ങളാൽ സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം… ഓരോ ഗ്രാമങ്ങൾക്കും ഐതിഹ്യങ്ങളുടെയും ചരിത്രങ്ങളുടേയും ഒട്ടേറെ മധുര സ്മരണകൾ അയവിറക്കാനുണ്ടായിരിക്കും. സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ചകളും നാടിന് അഭിമാനമായ വ്യക്തികളുമെല്ലാം ഒരോ ഗ്രാമത്തിന്റേയും ഉൾത്തുടിപ്പുകളും അഭിമാനവുമാണ്. നിങ്ങളുടെ പ്രിയ ഗ്രാമങ്ങളെ പരിചയപ്പെടുന്ന ഒരു പുതിയ പംക്തി ട്രൂത്ത് ലൈവിന്റെ സൺഡേ മാഗസിനിൽ ആരംഭിക്കുന്നു. എന്റെ ഗ്രാമം… തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി എന്ന ഗ്രാമത്തെ കുറിച്ച് എഴുതുന്നത് പി എം അബ്ദുറഹ്മാൻ. ഇതേപോലെ പ്രിയവായനക്കാർക്ക് നിങ്ങളുടെ ഗ്രാമവിശേഷങ്ങൾ ചിത്രങ്ങൾ സഹിതം ട്രൂത്ത് ലൈവിന് അയച്ചുതരാവുന്നതാണ്.
ചെന്ത്രാപ്പിന്നി
പി എം അബ്ദുറഹ്മാൻ
ചെം തുറയുടെ പെരുമയിൽ ചെന്ത്രാപ്പിന്നി;
കലയും സാഹിത്യവും വെളിച്ചം വിതറുന്ന ദേശം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽപെട്ട എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി എന്ന സുന്ദരമായ ഗ്രാമം ഒരു മത്സ്യബന്ധന തുറമുഖമായിരുന്നെന്ന് ചരിത്രരേഖകൾ പറയുന്നു… ചെം തുറ (ചെന്തുറ ) യിൽ നിന്നായിരിക്കണം ഈ സ്ഥലനാമം ഗ്രാമത്തിന് ലഭിച്ചതെന്നു തോന്നുന്നു. ഇവിടെനിന്നും മത്സ്യബന്ധനത്തിന് പോയ മുക്കുവർക്കാണ് പ്രശസ്തമായ നാലമ്പല വിഗ്രഹങ്ങൾ ലഭിച്ചതെന്ന ഒരു ഐതിഹ്യമുണ്ട്. ഈ നാലു വിഗ്രഹങ്ങളുടെ ചൈതന്യം തിരിച്ചറിഞ്ഞ മുക്കുവർ ഇവയെ അന്നത്തെ നാടുവാഴിയായിരുന്ന വാക്കയിൽ കൈമൾക്ക് സമർപ്പിക്കുന്നു. വാക്കയിൽ കൈമളുടെ പ്രശ്‌നചിന്തയുടെ അനന്തരഫലമായിട്ടാണ് ശ്രീരാമവിഗ്രഹം തൃപ്രയാറും ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും ശ്ത്രുഘ്‌ന വിഗ്രഹം പായമ്മലും പ്രതിഷ്ഠിക്കപ്പെട്ടത്.
പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഭാഗമായിരുന്ന ചെന്ത്രാപ്പിന്നിയുടെ ഉൾപ്രദേശങ്ങളായ ചാമക്കാല, കണ്ണംപള്ളിപ്പുറം, മധുരംപുള്ളി തുടങ്ങിയ സ്ഥലനാമങ്ങളിലൂടെ ഈ ഗ്രാമത്തിൽ ബൗദ്ധസംസ്‌കാരമാണ് നിലനിന്നിരുന്നതെന്ന് അനുമാനിക്കുന്നു. ഗ്രാമത്തിലെപുരാതനമായ
തലാപുരം ക്ഷേത്രം, പാലപ്പെട്ടി ക്ഷേത്രം, അയ്യപ്പൻകാവ് ക്ഷേത്രം, കണ്ണനാംകുളം ക്ഷേത്രം എന്നിവയ്‌ക്കെല്ലാം നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. സെന്റ് ആൻറണീസ് പുണ്യാളന്റെ പള്ളിയും ചെന്ത്രാപ്പിന്നി ജുമാമസ്ജിദും ശ്രീ കുമാരമംഗലം ക്ഷേത്രവുമെല്ലാം ഈ നാട്ടിലെ പ്രധാന ആരാധനാലയങ്ങളാണ്.

മധുരംപുള്ളിയിലൂടെ കടന്നുപോകുന്ന കനോലി കനാൽവഴി ഒരുകാലത്ത് ജലഗതാഗതം ഈ പ്രദേശത്ത് വ്യാപകമായി നിലനിന്നിരുന്നതായി പഴയ തലമുറക്കാർ ഓർക്കുന്നു. ചെന്ത്രാപ്പിന്നിയുട കിഴക്കൻ അതിർത്തിയായ എരാക്കപ്പാടം ഈ നാടിന്റെ നെല്ലറയും എടത്തിരുത്തി ചന്ത ഈ മേഖലയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രവുമായിരുന്നു.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വോളിബോൾ ടൂർണ്ണമെൻറ് നടക്കുന്നത് എസ് എൻഎസ്സിയുടെ ആഭിമുഖ്യത്തിൽ ഈ ഗ്രാമത്തിലാണെന്നും എടുത്തു പറയേണ്ടതുണ്ട്. അതിന്റെ കീഴിൽ 1937-ൽ ശ്രീ കേളപ്പൻ ഉദ്ഘാടനകർമ്മം നിർവഹിച്ച കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്രീനാരായണ വായനശാലയും ഈ നാടിന്റെ സംസ്‌കാരിക ചൈതന്യത്തിന് തിരികൊളുത്തിയ മഹാ പ്രസ്ഥാനമാണ്.

കലാ സാഹിത്യ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികളെ ചെന്ത്രാപ്പിന്നി കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട് . ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യത്തെ രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ ജന്മദേശം കൂടിയാണ് ചെന്ത്രാപ്പിന്നി. 1950 ജനുവരി
26 ന് നടന്ന ആ ദുരന്തം സർദാർ ദിനമായി ഈ നാട്ടുകാർ ഇപ്പോഴും ആവേശപൂർവ്വം ആചരിക്കുന്നു. വീണപൂവിലൂടെ ദേശീയ പ്രശസ്തി നേടിയ ചലച്ചിത്ര സംവിധായകൻ അമ്പിളി, നഹുഷപുരാണം എന്ന ഒരൊറ്റ നോവലിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയെടുത്ത കെ രാധാകൃഷ്ണൻ, നികുംഭില പോലെയുള്ള ഒട്ടേറെ പ്രശസ്ത നാടകങ്ങളുടെ കർത്താവായ അബ്ദുൽ ചെന്ത്രാപ്പിന്നി,
ചലച്ചിത്ര നടനും ഗാനരചയിതാവുമായിരുന്ന നാട്ടിക ശിവറാം, കഥാപ്രസംഗ കലയിലൂടെ കേരളം മുഴുവൻ അറിയപ്പെട്ടിരുന്ന കാഥികൻ വട്ടത്തൂർ ഭാസ്‌കരൻ, ശ്രീലങ്ക പ്രക്ഷേപണ നിലയത്തിലെ അവതാരകയായിരുന്ന സരോജിനി ശിവലിംഗം, വിദ്യാഭ്യാസ വിചക്ഷണനായിരുന്ന പ്രൊഫസർ അപ്പുമാഷ് , വൈദ്യശാസ്ത്രരംഗത്ത് സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുത്ത ഡോക്ടർ ഐഷാ ഗുഹരാജ്, ലീഗ്രാഷ്ട്രീയത്തിലൂടെ കേരളമെങ്ങും അറിയപ്പെട്ടിരുന്ന എം കെ ഹസ്സൻ അലി സാഹിബ്, എഴുത്തുകാരനും പ്രാസംഗികനും മുൻ എംഎൽഎയുമായ അരുണൻ മാസ്റ്റർ, കഴിമ്പ്രം തിയ്യറ്റേഴ്‌സിലൂടെ കേരളത്തിലെ നാടകപ്രസ്ഥാനത്തിന് ഊടും പാവും നൽകിയ കഴിമ്പ്രം വിജയൻ, പാലിയേറ്റീവിന്റെ ഉപാസനയിലൂടെ അനേകായിരങ്ങളുടെ കണ്ണീരൊപ്പിയ എംകെ നൂറുദ്ദീൻ , ദുബായ് ഫാൽക്കെൻ കമ്പനിയുടെ എം ഡി യായ ടി കെ അബ്ദുറഹ്മാൻ, യുഎഇ ഹോട്ട് പാക്ക് കമ്പനി എം ഡി പി ബി അബ്ദുൽ ജബ്ബാർ , പാട്ടോർമ്മകളിലൂടെ സംഗീത മനസ്സുകളെ രാഗിലമാക്കിയ സതീഷ് കുമാർ വിശാഖപട്ടണം, നാട്ടുകാര്യം എന്ന മണപ്പുറത്തെ സ്വന്തം പത്രത്തിലൂടെ ശ്രദ്ധേയനായ നൗഷാദ് പാട്ടുകുളങ്ങര, മാധ്യമം പത്രത്തിന്റെ എഡിറ്റോറിയൽ ഇൻ ചാർജ് ആയ പി ഐ നൗഷാദ് , ഇന്ദിരാഗാന്ധിയുടെ സ്‌പെഷ്യൽ ഇലക്ഷൻ ഓഫീസറായിരുന്ന ഭാനുജൻ ഐ എ എസ്സ്, 78-ലെ ഗുജറാത്ത് വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സിഇഒ ആയി ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കൊല്ലാറ സുഗതൻ ഐ എ എസ്സ് എന്നിങ്ങനെ ഈ ഗ്രാമം ജന്മം കൊടുത്ത പ്രതിഭാധനന്മാർ ഒട്ടനവധിയാണ് ….
കിഴക്ക് കനോലി കനാലും വിശാലമായ നെൽപ്പാടങ്ങളും പടിഞ്ഞാറ് അറബിക്കടലിന്റെ തീരവും പങ്കിടുന്ന എന്റെ ചെന്ത്രാപ്പിന്നി മനോഹരം തന്നെയാണ്.