FILM BIRIYANI Second Banner SPECIAL STORY

മാമാട്ടിക്കുട്ടിയമ്മ

സതീഷ് കുമാർ വിശാഖപട്ടണം

മാമാട്ടിക്കുട്ടിയമ്മയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ബേബി ശാലിനി പിന്നീട് നായികയായി മലയാളത്തിൽ മാത്രമല്ല, തമിഴകത്തും നിറഞ്ഞുനിന്നു. ശാലിനിയുടെ ജന്മദിനമാണിന്ന് ( നവംബർ 20 ). ശാലിനി അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളെക്കുറിച്ചാണ് സതീഷ് കുമാർ വിശാഖപട്ടണം പാട്ടോർമകളിൽ പങ്കുവയ്ക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലെ ടോപ് ഡയരക്ടേഴ്‌സ് ലിസ്റ്റിൽ ഇടംപിടിച്ച ഫാസിൽ 1983-ൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നു. മോഹൻലാലും ഭരത് ഗോപിയും സംഗീതയുമൊക്കെ ഉണ്ടെങ്കിലും അഞ്ചു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ. പേര് ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ‘
ഈ അഞ്ചു വയസ്സുകാരിയെ മുടിയിൽ മുല്ലപ്പൂ ചൂടിച്ചു കൊണ്ട് പട്ടുസാരി ഉടുപ്പിച്ചും, പഴയ ക്രിസ്ത്യാനി പെമ്പിളമാരുടെ ചട്ടയും മുണ്ടും ഉടുപ്പിച്ചും, മുസ്ലീം സമുദായത്തിലെ കല്യാണ വീട്ടിലെ ഒപ്പനയുടെ വേഷവിതാനത്തിലുള്ള പുതു മണവാട്ടിയായുമൊക്കെ മാമാട്ടിക്കുട്ടിയമ്മയുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ തന്നെ കേരളം ഒന്നടങ്കം പറഞ്ഞു: ‘ഈ സിനിമ ഒരു കലക്കു കലക്കും … ‘ പ്രതീക്ഷ തെറ്റിയില്ല… മാമാട്ടിക്കുട്ടിയമ്മ കേരളം മുഴുവൻ നൂറു ദിവസത്തിലധികം തകർത്തോടി.
‘ലിറ്റിൽ സൂപ്പർസ്റ്റാർ ‘ എന്ന ബഹുമതിയോടെ ബേബി ശാലിനി എന്ന അഞ്ചു വയസ്സുകാരി പിന്നീട് തമിഴ് തെലുഗു കന്നഡ ഭാഷകളിലൂടെ ദക്ഷിണേന്ത്യ മുഴുവൻ കീഴടക്കുന്നതാണ് കണ്ടത്.
ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ബേബിശാലിനിക്ക് ലഭിച്ചു. ബേബി ശാലിനി ഉണ്ടെങ്കിൽ ചിത്രം ഹിറ്റാവും എന്ന വിശ്വാസത്തിൽ എത്രയോ കഥകളാണ് മലയാളത്തിൽ അന്ന് മാറ്റിയെഴുതപ്പെട്ടത്… മമ്മുട്ടിയും മോഹൻലാലും വരെ ബേബി ശാലിനിക്കു വേണ്ടി കാത്തിരുന്നിട്ടുണ്ടെന്നറിയുമ്പോഴാണ് ഈ കൊച്ചു പെൺകുട്ടി ദക്ഷിണേന്ത്യൻ സിനിമയിൽ സൃഷ്ടിച്ച മാന്ത്രിക സ്വാധീനത്തിന്റെ പ്രഭാവം മനസ്സിലാകുക…
സിനിമയിൽ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും ബേബി ശാലിനി ഒരു തരംഗം തന്നെ സൃഷ്ടിച്ചെടുത്തു.
ആ കുട്ടിയുടെ ഹെയർ സ്‌റ്റൈലിലായിരുന്നു അക്കാലത്തെ അമ്മമാർ തങ്ങളുടെ പെൺകുഞ്ഞുങ്ങളേയും അണിയിച്ചൊരുക്കിയിരുന്നത്. ബേബി ശാലിനി ധരിച്ചിരുന്ന കുഞ്ഞുടുപ്പുകൾക്കു വേണ്ടി അവർ വസ്ത്രാലയങ്ങൾ പലതും കയറിയിറങ്ങിയിരുന്നുവത്രെ….!
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1997 ൽ അനിയത്തിപ്രാവിലൂടെ ബേബി ശാലിനി, ശാലിനി എന്ന നായികയായി പ്രത്യക്ഷപ്പെട്ട പ്പോഴും ചരിത്രം ആവർത്തിക്കുകയാണുണ്ടായത്. നിറം, മണിരത്‌നത്തിന്റെ അലൈപായുതേ തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ശാലിനി പിന്നീട് തമിഴ് നടൻ അജിത്തിനെ വിവാഹം കഴിച്ച് കുടുംബിനിയായി മാറി.
ബാലതാരമായും നായികയായും ഒരു പാട് നല്ല ഗാനങ്ങൾ ശാലിനിയുടെ കഥാപാത്രങ്ങളുടെ പകർന്നാട്ടത്തിലൂടെ മലയാളത്തിന് ലഭിച്ചിട്ടുണ്ട് ….
‘ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി ….. (എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് )
‘അല്ലിയിളം പൂവോ ഇല്ലിമുളം തേനോ ….. (മംഗളം നേരുന്നു )
‘കുപ്പിണി പട്ടാളം നിര നിര കുപ്പിണി പട്ടാളം…. (ഒന്നാണ് നമ്മൾ )
‘ഡോക്ടർ സാറേ …. ഡോക്ടർ സാറേ …. (സന്ദർഭം)
‘അനിയത്തി പ്രാവിന് പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്…..
‘എന്നും നിന്നെ പൂജിക്കാം …..
ഓ പ്രിയേ …പ്രിയേ നിനക്കൊരു ഗാനം …..
( 3 ഗാനങ്ങളും അനിയത്തിപ്രാവ് )
‘മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ …..
‘പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമംനൽകി …..
‘ഒരു ചിക് ചിക് ചിക്ക് ചിറകിൽ ….. (എല്ലാ ഗാനങ്ങളും നിറം)
എന്നിവ ചിലതു മാത്രം ….
1979 നവംബർ 20 ന് മദ്രാസിൽ താമസമാക്കിയ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ശാലിനിയുടെ പിറന്നാളാണിന്ന്… മലയാള സിനിമയിലെ എന്നല്ല ദക്ഷിണേന്ത്യൻ സിനിമയിലെ തന്നെ അത്ഭുതകുട്ടിയായിരുന്ന ശാലിനിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നിറുത്തുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *