BUSINESS Main Banner SPECIAL STORY

ഇൻകം ടാക്‌സ്: സംശയങ്ങളും വസ്തുതകളും:
എന്താണ് സിബിൽ സ്‌കോർ?

CA Subin VR, B.com, FCA

പലപ്പോഴും നമ്മൾ അറിയുന്ന പലരുടെയും ബാങ്ക് വായ്പ അപേക്ഷകൾ സിബിൽ സ്‌കോർ കുറവാണെന്നുള്ള കാരണത്താൽ ബാങ്കുകാർ നിരസിച്ചു എന്നത് കേട്ടിട്ടുണ്ടാകും. എന്താണ് ഈ സിബിൽ സ്‌കോർ ? സിബിൽ (CIBIL) എന്നത് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ്. സിബിൽ ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ആണ്. വായ്പ എടുത്തിട്ടുള്ള ആളുകളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി അളക്കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ.

എങ്ങിനെയാണ് വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ കണ്ടുപിടിക്കുന്നത് ?

ഒരാൾ മുൻവർഷങ്ങളിൽ എടുത്തിട്ടുള്ള എല്ലാ വായ്പകളും അതിന്റെ തിരിച്ചടവുകളും വിശകലനം ചെയ്താണ് അയാളുടെ തിരിച്ചടവിന്റെ ശേഷി കണ്ടെത്തുന്നത്. ഉദാഹരണത്തിന് ഒരാൾ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ അയാൾക്ക് ഉയർന്ന റേറ്റിംഗ് ലഭിക്കും. നേരെമറിച്ച് വായ്പ കുടിശ്ശികയോ വായ്പ തിരിച്ചടയ്ക്കാൻ വൈകിയിട്ടോ ഉണ്ടെങ്കിൽ അയാളുടെ റേറ്റിംഗ് കുറവായിരിക്കും. ഇങ്ങനെ ഒരാളുടെ വായ്പാ തിരിച്ചടവിന്റെ പശ്ചാത്തലം വിശകലനം ചെയ്തു ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ അയാൾക്ക് ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് തയ്യാറാക്കുന്നു. ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിൽ അയാളുടെ വായ്പാ തിരിച്ചടവിന്റെ ശേഷി കാണിക്കുന്ന ഒരു ക്രെഡിറ്റ് സ്‌കോറും ഉണ്ടായിരിക്കും. സിബിൽ സ്‌കോർ 300 നും 900 നും ഇടയിലുള്ള ഒരു നമ്പറാണ്. നിങ്ങളുടെ സ്‌കോർ 900 നു അടുത്താണ് എങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ ശക്തമാണ്.

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ എങ്ങനെ അറിയാം?

ആർബിഐയുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ എല്ലാ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളും വർഷത്തിൽ ഒരു തവണ സൗജന്യമായി ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (Soft Copy) അപേക്ഷകന് നൽകേണ്ടതാണ്. കൂടാതെ ഇൻറർനെറ്റിൽ ഇന്ന് സൗജന്യമായി ക്രെഡിറ്റ് സ്‌കോർ അറിയുവാനുള്ള പല വെബ്‌സൈറ്റുകളും അപ്ലിക്കേഷനുകളും ഉണ്ട്.

ക്രെഡിറ്റ് സ്‌കോറിനെക്കുറിച്ചുള്ള ചില സംശയങ്ങൾ

1) ഞാൻ എന്റെ ക്രെഡിറ്റ് സ്‌കോറിനു വേണ്ടി അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്ക് ക്രെഡിറ്റ് സ്‌കോർ ഉണ്ടാകുമോ?

ഉണ്ടാകും. ക്രെഡിറ്റ് കമ്പനികൾ ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിക്കുകയും സമാഹരിക്കുകയും ചെയ്യുന്നുണ്ട് . വായ്പകൾ എടുത്തിട്ടുള്ളവർ ക്രെഡിറ്റ് കാർഡ് കൈവശമുള്ളവർ അല്ലെങ്കിൽ വായ്പയ്ക്കായി ആപേക്ഷിച്ചവർ എന്നിവരുടെയെല്ലാം വായ്പാ തിരിച്ചടവിന്റെയും അപേക്ഷയുടെയും എല്ലാവിവരങ്ങളും ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ക്രോഡീകരിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ക്രെഡിറ്റ് റിപ്പോർട്ടിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങൾക്ക് ഒരു ക്രെഡിറ്റ് സ്‌കോർ ഉണ്ടായിരിക്കും.

2) 8 വർഷം മുൻപ് എന്റെ ക്രെഡിറ്റ് കാർഡ്/ ലോണിൽ മുടക്കം വരുത്തിയിരുന്നു. അത് എന്റെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ ?

ലോണിന്റെ കുടിശ്ശികയും വൈകി വൈകിയുള്ള പേയ്‌മെന്റുകളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ഏറ്റവുമധികം സ്വാധീനിക്കുന്നത് കഴിഞ്ഞ രണ്ടുവർഷത്തെ നിങ്ങളുടെ ലോണിലേക്കുള്ള തിരിച്ചടവിന്റെ സ്വഭാവമാണ്. അതായത് വർഷങ്ങൾക്കു മുൻപുള്ള കുടിശ്ശികയും വൈകിയുള്ള തിരിച്ചടവുകളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ വളരെ കുറച്ച് മാത്രമേ സ്വാധീനിക്കൂ.

3) എന്റെ എല്ലാ വായ്പകളും ഞാൻ കൃത്യമായി തിരിച്ചടക്കുന്നണ്ടെങ്കിൽ എൻറെ ക്രെഡിറ്റ് സ്‌കോർ ഉയർന്നതായിരിക്കുമോ?

ആയിരിക്കണമെന്നില്ല. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്നതിൽ രണ്ടു കാര്യങ്ങൾക്ക് വളരെയധികം സ്വാധീനം ഉണ്ട്; നിങ്ങൾക്ക് എത്രത്തോളം വായ്പ ഉണ്ട് എന്നതും നിങ്ങളുടെ വായ്പയുടെ തരവും. നിങ്ങൾക്ക് വളരെയധികം വായ്പകൾ ഉണ്ടെങ്കിൽ അതെല്ലാം കൃത്യസമയത്തുതന്നെ തിരിച്ചടക്കുന്നെങ്കിൽ പോലും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ, നിങ്ങൾക്ക് വളരെയധികം വ്യക്തിഗത വായ്പയോ ഒരുപാട് ക്രെഡിറ്റ് കാർഡുകളോ ഉണ്ടെങ്കിൽ, നിങ്ങൾ ഒരുപാട് സ്ഥലത്ത് വായ്പയ്ക്കായി അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ അതെല്ലാം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും

4) ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധി ഉപയോഗിക്കുകയും തിരിച്ചടക്കുകയും ചെയ്യുന്നു അത് എൻറെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

നിങ്ങൾ വായ്പ ഉപയോഗപ്പെടുത്തുന്ന അനുപാതം (Credit Utilisation Ratio)നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ രണ്ട് ക്രെഡിറ്റ് കാർഡുകൾ ഉണ്ടെന്ന് കരുതുക. നിങ്ങളുടെ ഒരു മാസത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം ഒന്നരലക്ഷം രൂപയാണെങ്കിൽ അത് രണ്ടു കാർഡുകളുമായി ബാലൻസ് ചെയ്തു ചെയ്യുക (75000 രൂപ വച്ച് ഓരോന്നിലും). ഒരിക്കലും ഒരു കാർഡിന്റെ ക്രെഡിറ്റ് ലിമിറ്റ് പൂർണ്ണമായി ഉപയോഗിച്ചതിനു ശേഷം അടുത്ത കാർഡ് എടുക്കാതിരിക്കാൻ ശ്രമിക്കുക.

5) എൻറെ ക്രെഡിറ്റ് സ്‌കോർ വളരെ ഉയർന്നതാണ് അതുകൊണ്ട് എനിക്ക് വളരെ ഈസിയായി വായ്പ ലഭിക്കുമോ ?

ഒരാൾക്ക് ലോൺ കൊടുക്കുന്നതിനു മുൻപ് ധനകാര്യസ്ഥാപനങ്ങൾ പരിഗണിക്കുന്ന പല മാനദണ്ഡങ്ങളിൽ ഒന്നുമാത്രമാണ് ക്രെഡിറ്റ് സ്‌കോർ. വായ്യ അപേക്ഷിയ്ക്കുന്ന ആളുടെ വിദ്യാഭ്യാസയോഗ്യത, വരുമാനം, നിക്ഷേപങ്ങൾ, മറ്റു സ്വത്തുക്കൾ, ബാധ്യതകൾ ഇങ്ങനെ മറ്റു പല കാര്യങ്ങളും ക്രെഡിറ്റ് സ്‌കോറിനു പുറമേ പരിഗണിച്ചാണ് വായ്പാ കൊടുക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുന്നത്.

6) ക്രെഡിറ്റ് സ്‌കോർ ബാങ്കുകളിൽ വായ്പയെടുക്കുന്നതിനെ മാത്രമേ ബാധിക്കുകയുള്ളൂ?

ക്രെഡിറ്റ് സ്‌കോർ ആരംഭിച്ചത് ആളുകളുടെ വായ്പാ തിരിച്ചടവിന്റെ അളവുകോൽ ആണെന്നുള്ളത് ശരിതന്നെ. എന്നാൽ ഇപ്പോൾ ക്രെഡിറ്റ് സ്‌കോർ ഇന്നു മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനീസ് റെഗുലേഷൻ ആക്ട് (CICRA) പ്രകാരം ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ടെലികോം കമ്പനികൾ, ബ്രോക്കിംഗ് കമ്പനികൾ, ആസ്തി പുനർനിർമ്മാണ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനികളുടെ ഡേറ്റാബേസ് ഷെയർ ചെയ്യാൻ അനുവദിക്കുന്നു. അതിനാൽ ഒരു മോശം ക്രെഡിറ്റ് സ്‌കോർ ഒരുപക്ഷേ നിങ്ങൾക്ക് കൂടുതൽ ഇൻഷൂറൻസ് പ്രീമിയം ക്ഷണിച്ചു വരുത്തിയേക്കാം; വീട്ടുവാടക കൂടുതൽ കൊടുക്കേണ്ടി വന്നേക്കാം; എന്തിന്, നിങ്ങൾ ജോലി ചെയ്യുന്നത് ഒരു സ്വകാര്യസ്ഥാപനത്തിൽ ആണെങ്കിൽ നിങ്ങളുടെ ജോലിയെ തന്നെ ബാധിച്ചേക്കാം.

7) മോശമായ സ്‌കോർ എങ്ങനെ മെച്ചപ്പെടുത്താനാകും?

1 . കൃത്യസമയത്തു തന്നെ EMI അടക്കുക; കൂടാതെ EMI ഒരിക്കലും മുടക്കം വരാതിരിക്കുക.
2 . കടത്തിന്റെ ഉപയോഗനിരക്ക് (Credit utlisation ratio ) എപ്പോഴും കുറച്ചു നിർത്തുക. ഉദാ : ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഒരു ലക്ഷം ആണെങ്കിൽ അത് മുഴുവൻ ഉപയോഗിക്കാതെ ശ്രദ്ദിക്കുക. രണ്ടു കാർഡുകൾ ഉണ്ടെങ്കിൽ ഒരു കാർഡ് മുഴുവനും ഉപയോഗിക്കാതെ രണ്ടിൽ നിന്നുമായി ഉപയോഗിയ്ക്കുക
3 . ഒരു ആവശ്യത്തിന് തന്നെ പല സ്ഥലത്തു ലോണിന് അപേക്ഷിക്കാതിരുക്കുക. ഉദാ : നിങ്ങള്ക്ക് ബിസിനസ് ലോൺ ആവശ്യമാണെങ്കിൽ ഒരു സമയം ഒരു ബാങ്കിൽ മാത്രം അപേക്ഷ കൊടുക്കക.

8) സ്‌കോർ സൗജന്യമായി കിട്ടും എന്നു പറഞ്ഞിട്ടുണ്ട്. അതിനെങ്ങനെയണ് അപേക്ഷിക്കേണ്ടത്?

www.cibil.com എന്ന വെബ്സൈറ്റിൽ ആദ്യ പേജിൽ തന്നെ താഴെ ആയി Click here to get your Free Annual CIBIL Score and Report online എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്തു പേര്, വിലാസം, മൊബൈൽ നമ്പർ, മെയിൽ ഐഡി, പാൻ/പാസ്‌പോര്ട്ട് നമ്പർ/ വോട്ടേഴ്സ് ഐഡി നമ്പർ/ ഡ്രൈവിംഗ് ലൈസൻസ് നമ്പർ/ റേഷൻ കാർഡ് നമ്പർ ഇവയിൽ ഏതെങ്കിലും കൊടുത്തു ഒരു ലോഗിൻ ഉണ്ടാക്കിയാൽ നിങ്ങളുടെ സിബിൽ സ്‌കോർ നിങ്ങള്ക്ക് കാണാനാകും.

8) ജോലിയെ എങ്ങനെ ബധിക്കും എന്നതിനു ഒരു വിശദീകരണം നൽകാനാകുമോ?

വളരെ മോശം ക്രെഡിറ്റ് റേറ്റിംഗ് ഉള്ള ജോലിക്കാരന്റെ സാമ്പത്തിക അച്ചടക്കവും വളരെ മോശം ആണെന്ന് എളുപ്പത്തിൽ വിലയിരുത്താം. വളരെ പ്രാധാന്യമുള്ള പൊസിഷനുകളിൽ ജോലിക്കാരെ വെക്കുമ്പോൾ കമ്പനികൾ പലപ്പോഴും അയാളുടെ ക്രെഡിറ്റ് റേറ്റിംഗ് കൂടി പരിഗണിക്കും.

(ലേഖകൻ ഇരിഞ്ഞാലക്കുടയിലെ പ്രാക്ടീസിങ് ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. മലയാള മനോരമ സമ്പാദ്യം, ധനം, മറ്റ് ഓൺലൈൻ മാസികകൾ എന്നിവയിൽ ഇൻകം ടാക്‌സിനെക്കുറിച്ചും പേഴ്‌സണൽ ഫിനാൻസിനെക്കുറിച്ചും എഴുതാറുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ തൃശ്ശൂർ ബ്രാഞ്ച് മുൻ ട്രഷററും സെക്രട്ടറിയും ആയിരുന്നു. ആദായ നികുതിയെക്കുറിച്ചും പേഴ്‌സണൽ ഫിനാൻസിനെക്കുറിച്ചും ചർച്ച ചെയ്യുന്ന My CA എന്ന യൂട്യൂബ് ചാനലിന്റെ രക്ഷധികാരി ആണ്.)

Related Posts

Leave a Reply

Your email address will not be published. Required fields are marked *