മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുവാൻ ഉടമ ശ്രമിച്ചു,
വഴങ്ങാതെ ഹോട്ടൽ വിട്ടപ്പോൾ തിരികെയെത്തിക്കാൻ പിന്നാലെ ആളെ വിട്ടു

കൊച്ചി: മോഡലുകളായ മുൻ മിസ് കേരള അൻസി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജൻനും അവരുടെ രണ്ട് സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തിയതിൽ ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിന് (51) ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന് പൊലീസ്. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഗുരുതരമായ ആരോപണം.
ഇവർക്ക് ഹോട്ടലിന്റെ ഒന്ന്, രണ്ട് നിലകളിലോ ഡി.ജെ.ഹാളിലോ പാർക്കിംഗ് ഏരിയയിലോ വച്ച് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. ബിയറിൽ ലഹരി കലർത്തിയോ എന്നും സംശയമുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കാണ് നശിപ്പിച്ചത്.
മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു റോയിയുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് കരുതുന്നത്. നിർബന്ധത്തിന് വഴങ്ങാതെ ഹോട്ടൽ വിട്ടിറങ്ങിയ മോഡലുകൾക്കും സുഹൃത്തുക്കൾക്കും പിന്നാലെ വ്യാപാരിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെ പറഞ്ഞുവിട്ടു. ഇവരെ തിരികെ എത്തിക്കാനായിരുന്നു ഇത്. ഇയാൾ കുണ്ടന്നൂരിൽ വച്ച് യുവതികളോട് ആവശ്യപ്പെട്ടതും ഹോട്ടലിലേക്ക് മടങ്ങണമെന്നാണ്. ഇവിടെ നിന്ന് അമിതവേഗത്തിൽ മുന്നോട്ട് പോകുമ്പോഴാണ് പാലാരിവട്ടത്ത് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചത്.
അറസ്റ്റിലായ റോയിയുടെ ഡ്രൈവർ മെൽവിനും വിഷ്ണുകുമാറും ചേർന്നാണ് ഹോട്ടലിലെ ഡാൻസ് ഹാളിൽ നിന്ന് മാറ്റിയ ഹാർഡ് ഡിസ്‌ക് വേമ്പനാട്ടുകായലിൽ എറഞ്ഞതെന്നും കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.
കേസന്വേഷണം എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. എ.സി.പി ബിജി ജോർജിനാണ് ചുമതല. സൗത്ത് എ.സി.പി നിസാമുദ്ദീന്റെ നേതൃത്വത്തിൽ സി.ഐ കെ. അനന്തലാലാണ് കേസ് അന്വേഷിച്ചിരുന്നത്. പാലാരിവട്ടം പൊലീസിന്റെ കണ്ടെത്തലുകൾ തെളിയിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ വെല്ലുവിളി.